സ്വർണക്കടത്ത്, റെയ്ഡ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരോട് തട്ടിക്കയറി ലീഗ് നേതാവിന്‍റെ ബന്ധുക്കൾ

0
104

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിലൊളിപ്പിച്ച് രണ്ട് കിലോയിലേറെ  സ്വർണം കടത്തിയ കേസിൽ തൃക്കാക്കര മുൻസിപ്പൽ വൈസ് ചെയർമാന്‍റെ വീട്ടിൽ കസ്റ്റംസ് പരിശോധന. നഗരസഭ വൈസ് ചെയർമാനും മുസ്ലീം ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് നടപടി. റെയ്ഡ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ഇബ്രാഹിംകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കയറി.
ദുബായിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കയച്ച കാർഗോ വഴി അയച്ച ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ നിന്നാണ് ഇന്നലെ 2 കിലോ 232 ഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. തൃക്കാക്കരയിലെ തുരുത്തുമ്മേൽ എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്.
ഇത് വാങ്ങാനെത്തിയ നകുൽ എന്നയാളുമായും ഈ സ്ഥാപനവുമായും നഗരസഭ വൈസ് ചെയർമാന്റെ മകൻ ഷാബിറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. എഎ ഇബ്രാഹിംകുട്ടിയുടെയും സഹോദരന്റെയും വീട്ടിൽ നടത്തിയ റെയ്ഡിൽ ലാപ്ടോപ്പടക്കം കസ്റ്റംസ് പിടിച്ചെടുത്തു. പരിശോധന സമയത്ത് ഷാബിർ വീട്ടിലുണ്ടായിരുന്നില്ല.
തുരുത്തുമ്മേൽ എന്റർപ്രൈസിന്റെ പേരിൽ നേരത്തെയും ഇത്തരത്തിൽ കാർഗോ എത്തിയിട്ടുണ്ട്. ഇതിൽ സ്വർണം കടത്തിയോ എന്നത് പരിശോധിക്കുന്നതിനായി സ്ഥാപനത്തിലെ നാല് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് കിട്ടിയ വിവരത്തെ തുടർന്നായിരുന്നു എഎ ഇബ്രാഹിംകുട്ടിയുടെ വീട്ടിലെ പരിശോധന. അന്വേഷണ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.