തിരുവനന്തപുരം: സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ള ഓഫീസുകളെ ശന്പള സംവിധാനമായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സർക്കാരിന്റെ ഉത്തരവ്.
സെക്രട്ടേറിയറ്റിൽ അടക്കം സർക്കാർ ജീവനക്കാരുടെ ഹാജർ നില കർശനമാക്കുന്നതിനായി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയുടേതാണ് നിർദേശം.
ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പുവരുത്തുന്നതിനുമായി ബയോമെട്രിക് സംവിധാനം സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ നിർദേശിച്ചിരുന്നു.
എന്നാല്‍ ചില ഓഫീസുകള്‍ ഇതിനു തയ്യാറാകാതെ വന്നതോടെയാണ് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തുകയും നടപടി പുരോഗതി എല്ലാ മാസവും സര്‍ക്കാരിനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശന്പള സോഫ്റ്റ് വെയറായ സ്പാർക്കുമായി ബന്ധിപ്പിച്ചിരുന്നില്ല. ഇതു കാരണം പഞ്ചിംഗ് മുടങ്ങിയാലും ശന്പളത്തെ ബാധിച്ചിരുന്നുമില്ല.
സ്പാർക്കുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ പഞ്ചിംഗ് മുടങ്ങിയിട്ടുണ്ടെങ്കിൽ അതു അവധിയെയോ ശന്പളത്തെയോ ബാധിക്കും.
രാവിലെയും വൈകുന്നേരവുമായി ഓരോ മാസവും അനുവദിച്ചിട്ടുള്ള ഇളവ് പരിധി കഴിഞ്ഞാൽ അവധിയായി കണക്കാക്കാനാണ് നിർദേശം. അവധി പരിധി വിട്ടാൽ ശന്പളം പോകുകയും ചെയ്യും.