ഏറെ നാളത്തെ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് ട്വിറ്ററിനെ പൂർണ്ണമായി ഇലോൺ മസ്‌ക് ഏറ്റെടുത്തിരിക്കുകയാണ്. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. മസ്‌കിന്റെ വിലപേശലിൽ വീഴാതിരിക്കാൻ ട്വിറ്റർ ബോർഡ് അംഗങ്ങൾ അവസാനം വരെ ശ്രമിച്ചിരുന്നു. എന്നാൽ അവസാനം മസ്‌ക് തന്നെ വിജയത്തിലെത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ 2017ലെ ഒരു ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇലോൺ മസ്‌കിന്റെ തന്നെ ട്വീറ്റാണിത്. 2017 ഡിസംബർ 21ൽ മാദ്ധ്യമ പ്രവർത്തകനും വ്യവസായിയുമായ ഡേവ് സ്മിത്തുമായി മസ്‌ക് ഒരു സംഭാഷണം നടത്തിയ ട്വീറ്റാണ് വൈറലായിരിക്കുന്നത്.
എനിക്ക് ട്വിറ്റർ ഇഷ്ടമാണെന്നാണ് മസ്‌ക് ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. ഇതിന് മറുപടിയായി, എന്നാൽ അങ്ങ് വാങ്ങിക്കൂടെ എന്ന് സ്മിത്ത് പറയുന്നുണ്ട്. ഇതിന് മസ്‌ക് നൽകിയ മറുചോദ്യമാണ് ശ്രദ്ധനേടുന്നത്. എത്ര വരുമെന്നാണ് മസ്‌ക് ചോദിച്ചത്. നാല് വർഷങ്ങൾക്കിപ്പുറം മസ്‌കിന്റെ ചോദ്യം യാഥാർത്ഥ്യമായിരിക്കുകയാണ്. ട്വിറ്റർ ഇലോൺ മസ്‌ക് വാങ്ങിയതിന് പിന്നാലെ ഡേവ് സ്മിത്തും ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. ‘ ഈ കൈമാറ്റം തന്നെ വേട്ടയാടുന്നത് തുടരുന്നു’വെന്നാണ് ഡേവ് സ്മിത്ത് കുറിച്ചത്. അതേസമയം ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയതോടെ, ട്വിറ്റർ പൂർണ്ണമായും ഒരു സ്വകാര്യ കമ്പനിയായി മാറുകയാണ്.
ട്വിറ്ററിന്റെ ഒൻപത് ശതമാനത്തിലേറെ ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള താത്പര്യം മസ്‌ക് പ്രകടിപ്പിച്ചത്. സാധാരണയായി ഏറ്റവും വലിയ ഓഹരിയുടമ കമ്പനി മൂല്യത്തെക്കാൾ വളരെ വലിയ തുക വാഗ്ദാനം ചെയ്താൽ അത് സ്വീകരിക്കുകയാണ് ബോർഡ് ചെയ്യാറുള്ളത്. എന്നാൽ ട്വിറ്റർ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയതിനാലും സ്വകാര്യ ഉടമസ്ഥതയോട് യോജിപ്പില്ലാത്തതിനാലുമാണ് തീരുമാനം വൈകിയത്. ഫോബ്‌സ് പട്ടികയിൽ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോൺ മസ്‌ക്. ഏകജേശം 273.6 ബില്യൺ ഡോളർ ആസ്തിയാണ് മസ്‌കിനുള്ളത്.