സുഡാൻ: സുഡാനിലെ പടിഞ്ഞാറൻ ഡാർഫുറിലെ ക്രിനിക് മേഖലയിലുണ്ടായ സംഘർഷത്തിൽ 168 പേർ കൊല്ലപ്പെട്ടു. 98 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സുഡാനിൽ ഈയടുത്ത് നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിനിക്കിൽ ഗോത്ര വിഭാഗത്തിൽപ്പെട്ട രണ്ടു പേരെ കൊലപ്പെടുത്തി എന്നാരോപിച്ച് ചിലർ അറബ് ഇതര ന്യൂനപക്ഷ വിഭാഗമായ മസാലിറ്റുകളുടെ ഗ്രാമങ്ങൾ ആക്രമിച്ചതോടെയാണ് സംഘർഷം അതിരൂക്ഷമായത്.
അറബ് ജഞ്ചവീദ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭ സുഡാനിൽ നടന്ന ആക്രമണത്തെ അപലപിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ മറ്റൊരു സംഘർഷത്തിൽ 8 പേർ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നടക്കുന്ന പോരാട്ടങ്ങൾ തടയാൻ പ്രാദേശിക സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്ന് മുൻ മെഡിക്കൽ ഡയറക്ടർ സലാ സാലിഹ് വ്യക്തമാക്കി.
അറബ് ജഞ്ചവീദ് പൗരസേനയാണ് ന്യൂനപക്ഷ വിപ്ലവ സമരങ്ങളെ അടിച്ചമർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നത്. രണ്ടായിരത്തി മൂന്നിൽ, ആഭ്യന്തര യുദ്ധമുണ്ടായതിനു ശേഷം ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള നിരവധി സംഘർഷങ്ങൾ ഡാർഫുറിൽ ഉണ്ടായിട്ടുണ്ട്.