നയൻതാരയെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്ന് സംവിധായകനും നയൻതാരയുടെ ഭാവി വരനുമായ വിഘ്നേഷ് ശിവൻ. നയൻതാരയ്ക്ക് അവരുടെ സിനിമാ ജീവിതത്തെ കുറിച്ചുള്ള വ്യക്തത തന്നെയാണ് അവരുടെ സക്സസിന്റെ കാരണമെന്നാണ് വിഘ്നേഷ് പറയുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘കാതുവാക്കുല രണ്ടു കാതൽ’ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യ ഗ്ലിറ്റ്സ് തമിഴ് മൂവിസിന് വിഘ്നേഷും വിജയ് സേതുപതിയും ഒന്നിച്ചു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
‘ഡെഡിക്കേഷനും തീരുമാനമെടുക്കലുമാണ് നയൻതാരയുടെ വിജയത്തിന് കാരണം. ജോലി സംബന്ധമായ കാര്യങ്ങൾ ഞങ്ങൾ അധികം ചർച്ച ചെയ്യാറില്ല. ചില വിഷയങ്ങൾ സംസാരിക്കാറുണ്ട്. എന്നാൽ, നയൻതാരയുടെ ചില കാര്യങ്ങളിൽ ആർക്കും അവരെ സ്വാധീനിക്കാൻ കഴിയില്ല. ആർക്കും അവരെക്കൊണ്ട് നിർബന്ധിച്ച് ഒന്നും ചെയ്യിപ്പിക്കാൻ സാധിക്കില്ല. അതൊരു ഐസ് ക്രീമിന്റെ കാര്യത്തിലാണെങ്കിൽ പോലും പറ്റില്ല. അവർക്ക് ഇഷ്ടപെട്ടാൽ അവര് കഴിക്കും. ഇല്ലെങ്കിൽ, തല കുത്തനെ നിന്ന് ആര് എന്ത് ചെയ്താലും നയൻതാര ചെയ്യില്ല. അതുപോലെ തന്നെ നയൻതാര സെലക്ട് ചെയ്യുന്ന സിനിമകളിലും അവർക്ക് വ്യക്തതയുണ്ട്. എനിക്ക് എന്ത് വേണം, എന്ത് വേണ്ട എന്നതിനെ ക്കുറിച്ച് നയൻതാരയ്ക്ക് കൃത്യമായ ധാരണയുണ്ട്.
അവർ എന്തുമാത്രം വലിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിനെല്ലാം വ്യത്യസ്ത കാരണങ്ങളും ഉണ്ട്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഇന്റർവ്യൂ ഉണ്ട് വാ എന്ന് പറഞ്ഞാൽ അതിന്റെയൊന്നും ആവശ്യമില്ല, എല്ലാവർക്കും അറിയുന്ന കാര്യമല്ലേ എന്നാകും അവരുടെ മറുപടി. അതുകൊണ്ട് തന്നെ നയൻതാര എത്ര ഉയരത്തിലാണ് ഇന്ന് എന്നതിനും അവരുടെ സക്സസിനും കാരണം അവരുടെ വ്യക്തിപരമായ കഴിവും ശക്തമായ തീരുമാനങ്ങളുമാണ്. നയൻതാര ഒപ്പമുള്ളതിൽ ഞാൻ ഭാഗ്യവാനാണ്,’ വിഘ്നേഷ് കൂട്ടിച്ചേർത്തു.