വനത്തില്‍ തേനെടുക്കാന്‍ പോയ ആദിവാസി സംഘത്തിലെ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടുപേര്‍ അപകടത്തില്‍ മരിച്ചു.

0
77

മൂപ്പൈനാട് പരപ്പന്‍പാറ ചോലനായ്ക്ക കോളനിയിലെ വലിയ വെളുത്തയുടെ മകന്‍ രാജന്‍ (47), നിലമ്ബൂര്‍ കുമ്ബളപ്പാറ കോളനിയിലെ സുനിലിന്‍റെ നാല് മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇവര്‍ തേനെടുക്കാനായി നിലമ്ബൂര്‍ അതിര്‍ത്തി വനത്തില്‍ പോയത്. രാജന്‍ തേനെടുക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഇതുകണ്ട് അടുത്തേക്ക് ഓടിയ ബന്ധുവായ യുവതിയുടെ കൈയ്യിലുണ്ടായിരുന്ന കുട്ടി താഴ്ചയിലെ കാട്ടരുവിയിലെ പാറക്കെട്ടിലേക്ക് തെറിച്ചുവീണ് മരണപ്പെടുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. ഇവരെ തേനീച്ച ആക്രമിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നും ചിലര്‍ പറഞ്ഞു.

വനത്തിന്‍റെ ഉൾഭാഗത്ത് നടന്ന അപകടമായതിനാൽ പുറംലോകം വിവരമറിയാൻ ഏറെ വൈകി. തുടർന്ന് മേപ്പാടി പൊലീസും ഫയർഫോഴ് സും പൾസ് എമർജൻസി ടീം അംഗങ്ങളും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. മൃതദേഹങ്ങൾ പാടിവയൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച സുൽത്താൻ ബത്തേരി ഗവ. ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ് മോർട്ടം നടത്തും.