Thursday
18 December 2025
24.8 C
Kerala
HomeKeralaമുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു

പാലക്കാട് : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.ശങ്കരനാരായണൻ(90) അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. ആറ് സംസ്ഥാനങ്ങളിലെ ഗവർണറായ ഏക മലയാളിയാണ്. യു.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.

ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. വിദ്യാർഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷൻ്റെ പ്രവർത്തകനായിരുന്നു പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി.

പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിൻ്റെ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തെഞ്ഞെടുക്കപ്പെട്ടു. 1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോടും 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു.

1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായിരുന്നു. 1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു. അരുണാചൽ പ്രദേശ്, അസം, ഗോവ, നാഗാലാൻഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments