രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തീപിടിക്കുന്ന സംഭവം; വണ്ടികള്‍ തിരിച്ചുവിളിച്ച് ഒല

0
80

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്നുവെന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല അറിയിച്ചു. പൂനെയില്‍ മാര്‍ച്ച് 26നുണ്ടായ തീപിടിത്തം അന്വേഷിക്കുകയാണെന്നും ഒറ്റപ്പെട്ട സംഭവമായിട്ടാണ് ഇതിനെ വിലയിരുത്തുന്നതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നത് ഒല അറിയിച്ചു. പരാതിയുയര്‍ന്ന ബാച്ചിലെ സ്‌കൂട്ടറുകളുടെ വിശദമായ ഡയഗ്‌നോസ്റ്റിക്, സുരക്ഷാ പരിശോധന നടത്തുമെന്നും അതുകൊണ്ടു തന്നെ 1,441 സ്‌കൂട്ടറുകള്‍ സ്വമേധയാ തിരിച്ചുവിളിക്കുകയാണെന്നും കമ്പനി അറിയിപ്പ് നല്‍കി.
‘സ്‌കൂട്ടറുകള്‍ ഞങ്ങളുടെ സര്‍വീസ് എഞ്ചിനീയര്‍മാര്‍ പരിശോധിക്കും. എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെര്‍മല്‍ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലുമുള്ള സമഗ്രമായ പരിശോധന നടത്തും. യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഇസിഇ 136-ന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ ബാറ്ററി സംവിധാനം എഐഎസ് 156 മാനദണ്ഡം അനുസരിച്ച് പരീക്ഷിച്ചിട്ടുണ്ട്’- ഒല ഇലക്ട്രിക് പറഞ്ഞു. രാജ്യത്തെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വാഹനങ്ങള്‍ നിര്‍മിക്കുന്നതെന്നും കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീപിടിക്കുന്ന സംഭവങ്ങള്‍ വാഹന നിര്‍മ്മാതാക്കളെ ആശങ്കയിലാക്കുകയാണ്. ഇതിനകം തന്നെ ഒകിനാവ ഓട്ടോടെക് 3,000 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചു. പ്യുവര്‍ ഇവിയും 2,000 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ പരിശോധിക്കാന്‍ പാനല്‍ രൂപീകരിക്കുമെന്നും കമ്പനികള്‍ അശ്രദ്ധ കാണിച്ചാല്‍ പിഴ ചുമത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.