നടിയെ ആക്രമിച്ച കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ കാവ്യ മാധവന് നോട്ടീസ്. തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും കാവ്യക്ക് ബന്ധമുണ്ടെന്നു സംശയിക്കാവുന്ന ശബ്ദരേഖ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം കോടതിയില്‍ നല്‍കി.
ദിലിപിന്റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്നു ശബ്ദരേഖകളാണു പുറത്തുവന്നത്. കാവ്യ സുഹൃത്തുക്കള്‍ക്കു കൊടുക്കാന്‍ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണു സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്നത്. വധഗൂഢാലോചന കേസിലെ വി.ഐ.പി. എന്നറിയപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിര്‍ണ്ണായക സംഭാഷണം. സുരാജിന്റെ ഫോണില്‍ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയിലാണു വീണ്ടെടുത്തത്.
കേസില്‍ കാവ്യാ മാധവനെ ചോദ്യംചെയ്യണമെന്നു പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ഈ മാസം 15 നകം പൂര്‍ത്തിയാക്കാണു ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളില്‍ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമായതിനാല്‍ തുടരന്വേഷണത്തിനു കൂടുതല്‍ സമയം വേണമെന്നാണു പ്രോസിക്യൂഷന്റെ നിലപാട്.
സൂരജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നു നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സംബന്ധിച്ച ചില വിവരങ്ങളടക്കം ഒട്ടേറെ നിര്‍ണായക തെളിവുകളും കണ്ടെത്തിയതായാണു വിവരം.
