യുക്രൈനില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠനമികവിന്റെ അടിസ്ഥാനത്തില്‍ പാസാക്കുമെന്ന് യുക്രൈന്‍ അറിയിച്ചെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. തുടര്‍പഠനമേറ്റെടുക്കാന്‍ ഹംഗറി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ത്ഥികളുടേതടക്കം തുടര്‍പഠനം പ്രതിസന്ധി നേരിടുമ്പോഴാണ് ഈ നിര്‍ദേശം.
യുക്രൈനിലെ യുദ്ധമുഖത്തുനിന്ന് ഇന്ത്യയിലേക്ക് ഓപ്പറേഷന്‍ ഗംഗയിലൂടെ മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിരുന്നു. പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ഇരുപത്തിനായിരത്തില്‍ അധികം മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.
മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ദേശീയ മെഡിക്കല്‍ കമ്മിഷനോടും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുച്ഛേദ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാനുള്ള അവകാശമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.