Thursday
18 December 2025
24.8 C
Kerala
HomeKeralaപൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മയുടെ വിജയം: മുഖ്യമന്ത്രി

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മയുടെ വിജയം: മുഖ്യമന്ത്രി

കേരളത്തിലെ പൊതു വിദ്യാലയങ്ങൾ കൈവരിച്ച മികവ് സർക്കാരും പൊതുജനങ്ങളും കൂട്ടായി പ്രവർത്തിച്ചതിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ ചെറുതാഴം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്റെ കെട്ടിട സമുച്ചയങ്ങളുടെയും സ്‌കൂൾ നവീകരണ പദ്ധതികളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ പങ്കാളിത്തത്തോടെയാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തി വരുന്നത്. വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന് മികവിന്റെ കേന്ദ്രങ്ങളായി മാറി.

രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത നേട്ടങ്ങളാണ് ജനപങ്കാളിത്തത്തോടെ കേരളത്തിൽ സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും സാമ്പത്തിക സഹായത്തോടെയും ജനകീയ പങ്കാളിത്തത്തോടെയുമാണ് ചെറുതാഴം ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിട സമുച്ചയങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.

13 കോടി രൂപയുടെ പദ്ധതികളാണ് സ്‌കൂളിൽ നടപ്പാക്കിയത്. കിഫ്ബി സഹായത്തോടെ അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിച്ച ഹയർ സെക്കണ്ടറി പ്രൈമറി കെട്ടിട സമുച്ചയം മുഖ്യമന്ത്രി നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.

പ്ലാൻ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് എച്ച് എസ് ബ്ലോക്ക് നിർമ്മിച്ചത്. എം എൽ എ ഫണ്ട്, ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ഫണ്ടുകൾ, ചെറുതാഴം സഹകരണ ബാങ്ക് നൽകിയ 25 ലക്ഷം രൂപ, പൂർവ വിദ്യാർഥികളും രക്ഷിതാക്കളും ജനകീയ പങ്കാളിത്തത്തോടെ സമാഹരിച്ച ഒരു കോടി രൂപ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പൂർത്തീകരിച്ചത്.

എല്ലാ ക്ലാസ് മുറികളിലും ആധുനിക ഫർണിച്ചർ, എൽ സി ഡി പ്രൊജക്ടർ, ലൈബ്രറി, ക്ലാസ് റൂം സൗണ്ട് സിസ്റ്റം, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം എന്നിവ സജീകരിച്ചിട്ടുണ്ട്. മികച്ച പഠന നിലവാരം പുലർത്തുന്നതിനായി കുട്ടികൾക്ക് ഇന്നൊവേറ്റീവ് ലാബ്, റഫറൻസ് സെന്റർ, ലൈബ്രറി കം റിസർച്ച് സെന്റർ എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്രൈമറി, പ്രീ പ്രൈമറി ശിശു സൗഹൃദ ക്ലാസ് മുറികൾ, പ്ലേ ഏരിയ എന്നിവയും ഒരുങ്ങിക്കഴിഞ്ഞു. സിഡ്‌കൊ തയ്യാറാക്കിയ ആധുനിക രീതിയിലുള്ള ഹയർ സെക്കണ്ടറി ലാബ് സജ്ജീകരിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. 53 ലക്ഷം രൂപ ചെലവിലാണ് നാല് വലിയ ഹാളുകളായി ഒരുക്കുന്ന ലാബ് പൂർത്തിയാവുന്നത്. 10 ലക്ഷം രൂപ ചെലവിൽ ജിംന്യേഷ്യവും നിർമ്മിക്കുന്നുണ്ട്.

പ്രൈമറി ശാസ്ത്ര ലാബ്, അടുക്കള, 400 കുട്ടികൾക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ് ഹാൾ എന്നിവ പൂർത്തിയായി. കൂടാതെ നടപ്പാത, മൈതാനം, ബാസ്‌കറ്റ് ബോൾ കോർട്ട് എന്നിവയുടെ ടെണ്ടർ നടപടികളും പൂർത്തിയായിട്ടുണ്ട്.

ചടങ്ങിൽ ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, ഹയർ സെക്കണ്ടറി എജുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. പി പി പ്രകാശൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.സി രാമകൃഷ്ണൻ, മാടായി ബിപിസി രാജേഷ് കടന്നപ്പള്ളി, കല്യാശേരി ബ്ലോക്ക് അസി. എക്‌സികൂട്ടീവ് എഞ്ചിനീയർ യു രാജീവൻ, പിഡബ്ലുഡി അസി. എക്‌സി എഞ്ചിനീയർ ഷൈല, ചെറുതാഴം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി എം വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

Most Popular

Recent Comments