ഇന്ധന വില വർധനവിലും അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികൾ പാർലമെന്റിന്റെ ഇരു സഭകളും തടസപ്പെടുത്തി. രാവിലെ ലോക്സഭ ചേർന്നപ്പോൾ തന്നെ ഇന്ധനവില വർധന ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ നോട്ടീസ് നൽകി. എന്നാൽ സ്പീക്കർ ഓം ബിർള പ്രതിപക്ഷ ആവശ്യം തള്ളി. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. തുടർന്ന് ഉച്ചയ്ക്ക് രണ്ട് വരെ സഭ നിർത്തിവച്ചതായി സ്പീക്കർ അറിയിച്ചു.
രാജ്യസഭയിലും വിലക്കയറ്റം ഉയർത്തി പ്രതിപക്ഷം ബഹളം വച്ചു. വിഷയം മുൻപ് ചർച്ച ചെയ്തതാണെന്ന് ചെയർമാൻ വെങ്കയ്യ നായിഡു നിലപാടെടുത്തെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. വീണ്ടും ചർച്ചയില്ലെന്ന് ചെയർമാൻ വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. തിങ്കളാഴ്ച പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ സ്തംഭിച്ചിരുന്നു.