വ്യാജ പോക്സോ കേസ് : എസ്ഐയെ സസ്‌പെൻഡ് ചെയ്തു

0
26

സഹോദരിമാരെ പീഡിപ്പിച്ചെന്നാരോപിച്ച്‌ സഹോദരങ്ങള്‍ക്കെതിരെ പോക്സോ കേസെടുത്ത സംഭവം വ്യാജമെന്ന് കണ്ടെത്തല്‍.ഹൈക്കോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്. കോടതി വെറുതെ വിട്ട സഹോദരന്മാരെ റെസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വീട്ടില്‍ കയറാനനുവദിക്കാത്ത സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി.

യുപി സ്വദേശികളായ 16 ഉം 14 ഉം വയസുള്ള സഹോദരിമാരെ സഹോദരന്മാര്‍ പീഡിപ്പിച്ചെന്ന ഏറെ കോളിളക്കമുണ്ടാക്കിയ കേസാണ് വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നത്. അന്വേഷണത്തിനായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദില്ലിയില്‍ പോകാന്‍ യുപി സ്വദേശികളായ മാതാപിതാക്കളില്‍ നിന്ന് വിമാന ടിക്കറ്റ് ചോദിച്ച്‌ വാങ്ങിയെന്നതിലടക്കം വലിയ വിവാദമുണ്ടാക്കിയതാണ് ഈ കേസ്.പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ അഞ്ച് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്‌ഐയായിരുന്ന വിനോദ് കൃഷ്ണയടക്കമുള്ളവരെ സസ്പെന്‍ഡും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഈ കേസ് തന്നെ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ റഫറര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഇതിനിടെയിലാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ സഹോദരന്മാര്‍ സ്വന്തം വീട്ടില്‍ കയറാന്‍ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ സമ്മതിക്കുന്നില്ലെന്ന് ചൂണ്ടികാണിച്ച്‌, പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. വീട്ടില്‍ കയറിയാല്‍ കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വ്യാജമായി പ്രതിചേര്‍ക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും തേടി. ഏപ്രില്‍ നാലിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.