കൊവിഡ് ബോധവല്‍ക്കരണത്തിനായുള്ള കോളര്‍ ട്യൂണ്‍ നിര്‍ത്താന്‍ ആലോചിച്ച് സര്‍ക്കാര്‍

0
31

രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ കൊവിഡ് ബോധവല്‍ക്കരണത്തിനായുള്ള കോളര്‍ ട്യൂണ്‍ നിര്‍ത്താന്‍ ആലോചിച്ച് സര്‍ക്കാര്‍. കോളര്‍ ട്യൂണ്‍ ഇനിയെങ്കിലും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് മുന്നില്‍ നിരവധി അപേക്ഷകള്‍ വന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കോളര്‍ ട്യൂണ്‍ അവസാനിപ്പിക്കാനൊരുങ്ങുന്നത്. കൊവിഡ് കോളര്‍ ട്യൂണുകള്‍ ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷമായി.

കോളര്‍ ട്യൂണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ( സിഒഎഐ) നിര്‍ദേശ പ്രകാരമാണ് കത്ത്. കത്ത് ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

കൊവിഡ് മഹാമാരി രാജ്യത്ത് ആശങ്ക പരത്തിത്തുടങ്ങിയ പശ്ചാത്തലത്തിലാണ് ബോധവല്‍ക്കരണത്തിനായി ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദത്തില്‍ ആദ്യമായി കൊവിഡ് കോളര്‍ ട്യൂണ്‍ ഫോണുകളിലെത്തുന്നത്. പിന്നീട് ഒരു വനിതാ വോയ്‌സ് ആര്‍ട്ടിസ്റ്റിന്റെ ശബ്ദത്തിലായി ബോധവല്‍ക്കരണ സന്ദേശങ്ങള്‍. പിന്നീട് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളും വാക്‌സിനേഷന്‍ പ്രക്രിയയുടെ വിശദാംശങ്ങളുമെല്ലാം കോളര്‍ ട്യൂണിന് പ്രമേയമായി.