സംസ്ഥാനത്ത്‌ എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി

0
50

സംസ്ഥാനത്ത്‌ എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി. 30ന്‌ എച്ച്‌എസ്‌, വിഎച്ച്‌എസ്‌ പരീക്ഷകളും 31ന് എസ്‌എസ്‌എൽസി പരീക്ഷയും ആരംഭിക്കും. 47 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. 1,92,000 അധ്യാപകരും 22,000 അനധ്യാപകരും പ്രക്രിയകളിൽ പങ്കാളികളാകും.

പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അവലോകനം നടത്തി. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ ജീവൻ ബാബു എന്നിവർ എറണാകുളം ഡിഡി ഓഫീസിൽ എത്തിയാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്. റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാർ, എഡിമാർ, ഡിഡിഇമാർ എന്നിവർ ഓൺലൈനായി പങ്കെടുത്തു. പരീക്ഷകൾ കുറ്റമറ്റതായി നടത്തണമെന്നും സ്കൂളുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

ചോദ്യപേപ്പറുകളുടെ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി. പരീക്ഷകൾ ആരംഭിക്കാൻ നാലു ദിവസംമാത്രം അവശേഷിക്കേ മുഴുവൻ ക്രമീകരണങ്ങളും 26ന്‌ പൂർത്തിയാക്കും. എച്ച്‌എസ്‌, വിഎച്ച്‌എസ്‌ പരീക്ഷകൾക്ക് ആവശ്യമായ ഇൻവിജിലേറ്റർമാരെ ലഭ്യമായില്ലെങ്കിൽ ഡിഡിഇ, ഡിഇഒമാർ, മറ്റ് അധ്യാപകരെ ഇതിലേക്ക് നിയമിക്കും. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഉത്തരക്കടലാസുകൾ എത്തിച്ചു. പരീക്ഷാദിവസങ്ങളിൽ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിക്കും.

കുട്ടികൾ കുടിവെള്ളം കൊണ്ടുവരാൻ ശ്രമിക്കണം. വിദ്യാർഥികൾക്ക് കൗൺസലിങ്‌ നടപ്പാക്കും. വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് കൗൺസലിങ്ങിനായി ടെലിഫോൺ നമ്പർ നൽകി പരീക്ഷകൾ അവസാനിക്കുന്നതുവരെ “ഹൗ ആർ യു’ പരിപാടി നടപ്പാക്കും. ഹയർസെക്കൻഡറി വിഭാഗത്തിന് “ഹെൽപ്’ പരിപാടി നടപ്പാക്കും. പരീക്ഷാ ഹെൽപ് ഡെസ്കും രൂപീകരിക്കും.

എസ്എസ്എൽസി ഫലം ജൂൺ പത്തിനകം
എസ്എസ്എൽസി തിയറി പരീക്ഷ 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി തിയറി പരീക്ഷ 30ന് ആരംഭിച്ച് ഏപ്രിൽ 26ന് അവസാനിക്കും. എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്നിന് ആരംഭിച്ച് 10ന് അവസാനിക്കും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ അവസാനത്തോടെ അല്ലെങ്കിൽ മെയ് ആദ്യം ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയം മെയ് 11ന്‌ ആരംഭിച്ച് പരീക്ഷാഫലം ജൂൺ പത്തിനകം പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയം പൂർത്തീകരിച്ച് ഫലം ജൂൺ മൂന്നാംവാരം പ്രസിദ്ധീകരിക്കും.