മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്തവ സഭാ ചരിത്രത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. മാത്യു ഉലകംതറ(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെള്ളകത്തെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളി സെമിത്തേരിയില്‍.
ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ തിളങ്ങിനിന്ന പ്രതിഭാസമ്പന്നനായിരുന്നു പ്രൊഫ. മാത്യു ഉലകംതറ. ക്രിസ്തുഗാഥ എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. കെ.വി സൈമൺ അവാർഡ്, ഉള്ളൂർ അവാർഡ് എന്നിവയടക്കം ഇരുപതോളം സാഹിത്യ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സാഹിത്യ ശാസ്ത്രം, വിമർശനം, പദ്യനാടകം, ജീവചരിത്രം, മതചിന്ത എന്നിങ്ങനെ വിവിധ ഇനങ്ങളിലായി അമ്പതോളം കൃതികൾ രചിച്ചു.