ബിഹാറിൽ യുവാവിനെ ഒരു സംഘം ആളുകൾ തല്ലിക്കൊന്നു. പശു സംരക്ഷകർ എന്ന് അവകാശപ്പെടുന്ന സംഘമാണ് ക്രൂരകൃത്യത്തിന് പിന്നിൽ. സമസ്തിപുർ ജില്ലയിലെ ജനതാദൾ യുണൈറ്റഡ് പാർട്ടി പ്രവർത്തകനായ മുഹമ്മദ് ഖലീൽ ആലം ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം അക്രമികൾ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്നു മൃതദേഹത്തിൽ ഉപ്പ് വിതറി കുഴിച്ചിട്ടു.
മുഹമ്മദിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എവിടെ വച്ചാണ് പശുക്കളെ കശാപ്പ് ചെയ്തതെന്നും ഇറച്ചി വിറ്റവരുടെ പേരുകള്‍ പറയണമെന്നും അക്രമി സംഘം ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. ജീവിതത്തില്‍ എത്രത്തോളം ബീഫ് കഴിച്ചിട്ടുണ്ടെന്നും കുട്ടികള്‍ക്ക് നല്കാറുണ്ടോയെന്നും സംഘം ചോദിക്കുന്നുണ്ട്.