️നിയന്ത്രണങ്ങളിൽ മാറ്റമില്ല, സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ തുടരും

0
76

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി അവലോകന യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേ‍ർന്ന അവലോകനയോ​ഗമാണ് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയത്. മൂന്നാം തരം​ഗത്തിൻ്റെ പശ്ചാത്തലത്തിൽ ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് യോ​ഗത്തിലെ തീരുമാനം. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകളോ ഇല്ല. ‍ഞായറാഴ്ച ലോക്ക്ഡൗൺ മാറ്റമില്ലാതെ തുടരും.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ വലിയ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് കൂടുതൽ ഇളവുകളിലേക്ക് കടക്കേണ്ട എന്ന് തീരുമാനിച്ചത്. അതേസമയം അതിരൂക്ഷ കൊവിഡ് വ്യാപനമുണ്ടായിരുന്ന തിരുവനന്തപുരത്ത് കേസുകൾ കുറഞ്ഞെന്ന് യോ​ഗം വിലയിരുത്തി. എങ്കിലും തത്കാലം തിരുവനന്തപുരം സി കാറ്റ​ഗറിയിൽ തന്നെ തുടരും. രാത്രിക്കാല ക‍ർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളൊന്നും വേണ്ടെന്നാണ് നിലവിലെ ധാരണ. സി കാറ്റ​ഗറിയിൽപ്പെടുന്ന ജില്ലകളിൽ തീയേറ്ററുകളും ജിമ്മുകളും അടച്ച തീരുമാനം വലിയ വിമ‍ർശനങ്ങളുണ്ടായെങ്കിലും ആ നിയന്ത്രണങ്ങളും അതേപ്പടി തുടരാനാണ് തീരുമാനം.

അന്താരാഷ്ട്ര യാത്രാർക്കുള്ള റാൻഡം പരിശോധന ഇരുപത് ശതമാനമായിരുന്നത് രണ്ട് ശതമാനമാക്കി ചുരുക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം വ്യക്തമായസാഹചര്യത്തിൽ ഇനി വൈറസ് വകഭേദം കണ്ടെത്താനുള്ള പരിശോധന വേണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇത്. ഒമിക്രോണും ഡെൽറ്റയുമല്ലാതെ മറ്റേതെങ്കിലുംവകഭേദം പുതുതായി രൂപപ്പെട്ടോ എന്ന നിരീക്ഷണം തുടരാനാണ് രണ്ട് ശതമാനം പേർക്ക് റാൻഡം പരിശോധന നടത്താൻ തീരുമാനിച്ചത്.

അടുത്ത ആഴ്ചയോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ കുറയുമെന്നും ഫെബ്രുവരി മൂന്നാം വാരത്തോടെ സ്ഥിതി​ഗതികൾ സാധാരണ നിലയിലേക്ക് വരുമെന്നുമാണ് അവലോകനയോ​ഗത്തിലെ പ്രതീക്ഷ. കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ആശുപത്രികൾ നിറഞ്ഞു കവിഞ്ഞില്ല എന്നതും ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികളുടെ എണ്ണം കുറവാണ് എന്നതും ശുഭസൂചനയായി അവലോകനയോ​ഗം വിലയിരുത്തി.