കൊവിഡ് നിയന്ത്രണം സംബന്ധിച്ച പുതുക്കിയ മാനദണ്ഡ പ്രകാരം ജനവരി 23 മുതല്‍ കണ്ണൂര്‍ ജില്ലയെ കാറ്റഗറി എ യില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവായി. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി കണ്ണൂര്‍ ജില്ല എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനവരി 24 മുതല്‍ കൊവിഡ് രോഗികളുടെ പ്രവേശനം ജില്ലാ കണ്‍ട്രോള്‍ റൂം മുഖേന മാത്രമായിരിക്കും. കാറ്റഗറി സി കൊവിഡ് രോഗികളെ മാത്രമേ ഇങ്ങനെ പ്രവേശിപ്പിക്കുകയുള്ളൂ. രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കാറ്റഗറി സിയില്‍ വരുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു ജില്ലാ ദുരന്ത നിവാരണ സമിതി യോഗ തീരുമാന പ്രകാരമാണ് ആശുപത്രിയിലെ നിയന്ത്രണം.
പുതിയ ഉത്തരവ് പ്രകാരം എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സംസ്‌കാരിക, സമുദായിക പൊതു പരിപാടികളിലും ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും പരമാവധി 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല.