Wednesday
17 December 2025
26.8 C
Kerala
HomeKeralaഎസ്എൻഡിപിയിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി, വെള്ളാപ്പള്ളിക്ക് തിരിച്ചടി

എസ്എൻഡിപിയിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി, വെള്ളാപ്പള്ളിക്ക് തിരിച്ചടി

എസ് എൻ ഡി പി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി. 200 അംഗങ്ങൾക്ക് ഒരു വോട്ട് എന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലുള്ള വോട്ട് അവകാശമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ ഇനി മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടു ചെയ്യാന്‍ അവസരം ഒരുങ്ങും. ഇനി മുതൽ എസ് എൻ ഡി പി യോഗത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താം. ഇതോടൊപ്പം ഭരണസമിതിയുടെ കാലാവധി അഞ്ചുവർഷമെന്നതും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ഭരണസമിതിയുടെ കാലാവധി അഞ്ചുവർഷം ആയിരുന്നു. ഇത് മൂന്നുവർഷമായി കുറക്കുകയും ചെയ്തു. കമ്പനി നിയമപ്രകാരമുള്ള ഇളവുകളും റദ്ദാക്കി. 1999ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

എസ് എന്‍ ഡി പി യോഗം തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്. 1999ല്‍ വെള്ളാപ്പള്ളി നടേശന്‍ കൊണ്ടുവന്ന ബൈലോ ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. യോഗത്തില്‍ സ്ഥിര അംഗത്വം ഉള്ള എല്ലാവര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.

കമ്പനി നിയമപ്രകാരം 1974ല്‍ കേന്ദ്ര സര്‍ക്കാര്‍ യോഗത്തിനു നല്‍കിയ ഇളവും ഹൈക്കോടതി റദ്ദാക്കി. പ്രാതിനിധ്യ വോട്ടവകാശപ്രകാരമാണ് എസ് എന്‍ ഡി പി യോഗം തെരഞ്ഞെടുപ്പ്. 200 അംഗങ്ങള്‍ ഉള്ള ഒരു ശാഖയില്‍ ഒരു അംഗത്തിന് വോട്ടവകാശം എന്ന നിലയിലാണ്. നിലവില്‍ ഏതാണ്ട് 10000 അംഗങ്ങള്‍ക്കാണ് വോട്ടവകാശം. പ്രാതിനിധ്യ വോട്ടവകാശം നിയമവിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

വിധി സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോടതി ഉത്തരവ് കണ്ടിട്ടില്ല. പ്രാതിനിധ്യ സ്വഭാവം അനുസരിച്ചാണ് താന്‍ ഭരണം തുടര്‍ന്നുപോരുന്നത്. 25 വര്‍ഷമായി തന്നെ തെരഞ്ഞെടുക്കുന്നത് ഈ പ്രാതിനിധ്യ വോട്ടവകാശത്തിലൂടെയാണ്. പുതിയ ഉത്തരവ് കൈവശം കിട്ടിയിട്ടില്ല. പുതിയ വിധി വന്നിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണം. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments