നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ദിലീപ് അടക്കമുള്ളവർ ശ്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗൂഢാലോചന കേസില്‍ രണ്ടാം ദിവസം പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങൾ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ലഭിച്ചത്. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വേർതിരിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. ഇതിൽ സുരാജിൽ നിന്നുതന്നെയാണ് പണം നൽകി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന മൊഴി ലഭിച്ചത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് വഴി പണം നല്‍കിയതായിയാണ് കണ്ടെത്തല്‍. സുരാജിന്റെ പണമിടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ തെളിവുകള്‍ നല്‍കുന്നത് എന്നാണ് വിവരം. ഇതിനെ സാധുകരിക്കുന്ന ഡിജിറ്റല്‍ പണം ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പ്രമുഖ അഭിഭാഷകന്റെ ഇടപെടലും പൊലീസ് പരിശോധിക്കുന്നുണ്ട്. അഭിഭാഷകന്‍ വഴിയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് അന്വേഷകസംഘത്തിന്റെ വിലയിരുത്തല്‍.
അതിനിടെ, വിഐപി എന്ന് വിശേഷിപ്പിക്കുന്ന ശരത് അന്വേഷകസംഘം മുമ്പാകെ ഹാജരാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറയാമെന്നും ഇയാൾ ഉദ്യോഗസ്ഥരെ അറിയിച്ചു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച വ്യക്തിയാണ് എന്ന് വിലയിരുത്തുന്നയാളാണ് ശരത്. എന്നാല്‍ ദിലീപിന് ജാമ്യം എടുക്കാന്‍ സഹായിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് ശരത് പറയുന്നത്.