Thursday
18 December 2025
21.8 C
Kerala
HomePoliticsജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് സമാജ്‌വാദി പാർട്ടിയിൽ

ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് സമാജ്‌വാദി പാർട്ടിയിൽ

ന്യൂഡൽഹി> ജെഎൻയു വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയും സിപിഐ എംഎൽ ലിബറേഷന്റെ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) നേതാവുമായ സതീഷ്‌ ചന്ദ്ര യാദവ് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. സമാജ്‌വാദി പാർട്ടി വിദ്യാർത്ഥി വിഭാ​ഗത്തിന്റെ ദേശീയ സെക്രട്ടറിയും വക്താവുമായി സതീഷ് ചന്ദ്ര യാദവ് ചുമതലയേറ്റു.

ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ നിന്നുള്ള സതീഷ് ചന്ദ്ര യാദവ് സിപിഐ എംഎൽ ലിബറേഷന്റെയും ഐസയുടെയും ജെഎൻയുവിലെ മുഖമായിരുന്നു. ഉത്തർപ്രദേശിലെ ഫാസിസത്തിനെതിരെ പോരാടാൻ ആ​ഗ്രഹിക്കുന്നുവെന്നാണ് സതീഷ് ഐസയ്ക്ക് നൽകിയ രാജിക്കത്തിൽ പറയുന്നത്. ഐസയുമായി അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും കത്തിൽ പറയുന്നു.

ഉത്തർപ്രദേശിൽ ബിജെപിയുടെ ധാർഷ്ട്യത്തെ തകർക്കാൻ സംഭാവന നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്ന് സതീഷ് ദി ടെലിഗ്രാഫിനോട് പറഞ്ഞു. ജെഎൻയുവിലെ ആക്ടിവിസ്റ്റുകൾ എന്ന നിലയിൽ സർക്കാരിന്റെ സ്വേച്‌ഛാധിപത്യ പെരുമാറ്റവും ഫാസിസ്റ്റ് നിലപാടുകളും ഞങ്ങൾ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പുകൾ ഇന്ത്യയുടെ ഭാവിയെ ബാധിക്കുമെന്നതിനാൽ ഉത്തർപ്രദേശിലെ ജനവിരുദ്ധ ബിജെപി സർക്കാറിനെതിരെ പോരാടാൻ ആഗ്രഹിക്കുന്നെന്നും സതീഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ജെഎൻയുവിലേക്ക് മടങ്ങുമെന്നും അടുത്ത യൂണിയൻ തിരഞ്ഞെടുപ്പ് നടക്കും വരെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും സതീഷ് ചന്ദ്ര യാദവ് കൂട്ടിചേർത്തു. ജെഎൻയുവിലെ യൂണിയൻ കാലാവധി 2020ൽ കഴിയേണ്ടതാണ്. കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ നിലവിലെ യൂണിയൻ തുടരുകയാണ്.

RELATED ARTICLES

Most Popular

Recent Comments