ക്ലബ് ഹൗസില്‍ മുസ്ലിം സത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം; പ്രതികളിലൊരാള്‍ മലയാളി പെണ്‍കുട്ടി

0
67

മുസ്ലീം സ്ത്രീകള്‍ക്കെതിരെ ക്ലബ്ബ് ഹൗസ് ആപിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ പ്രതികളിലൊരാള്‍ മലയാളിയാണെന്ന് ഡല്‍ഹി പൊലീസ്. കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ ഉടൻ ചോദ്യം ചെയ്യും. കേസില്‍ തിരിച്ചറിഞ്ഞ ആറ് പേരില്‍ ഒരാളാണ് കോഴിക്കോട് സ്വദേശിനി. തിരിച്ചറിഞ്ഞ എല്ലാവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി സൈബര്‍ സെല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ലക്നൗ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും കാട്ടി ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പൊലീസിന് നോട്ടീസ് നൽകി. തുടർന്നാണ് നടപടി. ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിന് മുംബൈ പോലീസ് മൂന്ന് പേരെ ഹരിയാനയില്‍ നിന്നും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.