നേരോടെ നമ്പർ വൺ ഏറ്റുമുട്ടൽ

0
39

കണ്ണൂരിൽ മീഡിയ വൺ, ഏഷ്യാനെറ്റ് ചാനൽ റിപ്പോർട്ടർമാർ തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നിൽ ആഴ്ചകളായി നിലനിൽക്കുന്ന അസ്വാരസ്യം. ഇല്ലാക്കഥകൾ ഉണ്ടാക്കി സിപിഐ എമ്മിനെ ആക്രമിക്കാൻ മിടുക്കന്മാരാണ് ബുധനാഴ്ച കണ്ണൂരിൽ പരസ്യമായി ഏറ്റുമുട്ടിയ രണ്ടുപേരും. കഴിഞ്ഞയാഴ്ച കണ്ണൂരിൽ ഡിവൈഎഫ്ഐ നടത്തിയ വാർത്താസമ്മേളന ശേഷവും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.

എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലയാളികളെ തുറന്നുകാട്ടാനായിരുന്നു ഡിവൈഎഫ്ഐ വാർത്താസമ്മേളനം നടത്തിയത്. ഈ വാർത്താ സമ്മേളനത്തിൽ കോൺഗ്രസിനെ സംരക്ഷിക്കുന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്. അതിനിടെ ഏഷ്യാനെറ്റ് ലേഖകൻ ലക്കും ലഗാനുമില്ലാതെ ചോദ്യം ചോദിക്കുന്നുവെന്ന് മീഡിയ വണ്ണിലെ സുനിൽ ഐസക്ക് തുറന്നുപറഞ്ഞു. എന്തെക്കെയാണ് ഇയാൾ ചോദിക്കുന്നത് എന്നായിരുന്നു കമന്റ്. ഈ ചോദ്യങ്ങൾക്ക് മറുപടിയായി കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയം ഡിവൈഎഫ്ഐ നേതാക്കൾ തെളിവ് സഹിതം തുറന്നുകാട്ടി. തങ്ങൾക്ക് വേണ്ടത് കിട്ടാതെ വന്നതോടെ ചോദ്യകർത്താവ് അടക്കം സിപിഐ എം വിരുദ്ധ മാധ്യമപ്രവർത്തകർ ആസ്വസ്ഥതയോടെയാണ് പുറത്തിറങ്ങിയത്.

അനാവശ്യ ചോദ്യങ്ങൾ ചോദിച്ചതാണ് നമ്മുടെ നിരാശക്ക് കാരണമെന്ന അടക്കം പറച്ചിൽ ആയതോടെയാണ് അന്ന് വാക്കുതർക്കം ഉണ്ടായത്.

വിഷയം പുറത്തറിഞ്ഞാൽ നാണക്കേടാണെന്നും പറഞ്ഞുതീർക്കാമെന്നും ചില മാധ്യമപ്രവർത്തകർ പറഞ്ഞുവെങ്കിലും ബുധനാഴ്ച ഏറ്റുമുട്ടിയവർ അതിന് ഒരുക്കമായിരുന്നില്ല. അതിന്റെ പൊട്ടിത്തെറിയാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ.
സിപിഐ എം വിരുദ്ധവാർത്തകൾ “ആദ്യം ബ്രേക്ക് ചെയ്യാൻ” മൗദൂദി ചാനലും നിർഭയ ചാനലും തമ്മിൽ മത്സരമായിരുന്നു. പാർട്ടി കോൺഗ്രസ് അടുത്തതോടെ ഇല്ലാക്കഥകൾ കൊണ്ടുനടന്ന് പ്രചരിപ്പിക്കുകയും ചെയുന്നു. സിപിഐ എമ്മിനെതിരെ ചില വാർത്താ ചാനലുകൾ വ്യാജ വാർത്ത ഉണ്ടാക്കുന്നു എന്ന് ഒന്നുകൂടി അടിവരയിടുന്നതായി കണ്ണൂരിലെ ഏറ്റുമുട്ടൽ. ഏഷ്യാനെറ്റിന്റെ “വാർത്ത” വെറും “ഗ്യാസ്” ആണെന്ന് സിപിഐ എം വിരുദ്ധരായ മൗദൂദി ചാനൽ തന്നെ തെളിയിച്ചു എന്നതാണ് ഇതുകൊണ്ടുള്ള മറ്റൊരു ഗുണം. എന്തായാലും ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ പുറത്ത് പോകരുതെന്ന് നിലവിളിച്ച് സിപിഐ എം നേതാക്കളുടെ പുറകെ നടക്കുകയാണ് ഇക്കുട്ടർ എന്നതാണ് മറ്റൊരു തമാശ.