കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ ഫ്രാങ്കോ മുളയ്‌ക്കലിനെ കോടതി കുറ്റവിമുക്തനാക്കി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി ജി ഗോപകുമാറിന്റേതാണ് വിധി. 2018 ജൂണ്‍ 27നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീ നല്‍കിയ പരാതിയിൽ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 സെപ്‌തംബര്‍ 21ന് നാടകീയമായ ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
105 ദിവസത്തെ വിസ്‌താരത്തിനുശേഷമാണ് കേസില്‍ വിധിവരുന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 33 പേരെയാണ് വിസ്‌തരിച്ചത്. വിധി കേള്‍ക്കാനായി രാവിലെ ഒമ്പതരയോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ സഹോദരനും സഹോദരി ഭര്‍ത്താവിനുമൊപ്പം കോടതിയിലെത്തിയത്. പിന്‍വാതിലിലൂടെയാണ് കോടതിയിലേക്ക് പ്രവേശിച്ചത്.