നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി. നേരത്തേ പാര്‍ട്ടി വിട്ട രണ്ട് മന്ത്രിമാര്‍ക്ക് പിന്നാലെ ഒരു മന്ത്രി കൂടി വ്യാഴാഴ്ച രാജിവെച്ചു. ആയുഷ് മന്ത്രി ധരം സിംഗ് സൈനിയാണ് ബിജെപി വിട്ടത്. രാവിലെ ബിജെപി എംഎൽഎ മുകേഷ് വര്‍മ്മയും രാജി നല്‍കിയിരുന്നു. ഇതോടെ രാജിവെക്കുന്ന എം എല്‍ എമാരുടെ എണ്ണം ഒമ്പതായെന്ന് ‘ഇന്ത്യ ടുഡേ’റിപ്പോർട്ട് ചെയ്തു.
ബിജെപി എംഎല്‍എ മുകേഷ് വര്‍മ വ്യാഴാഴ്ച രാവിലെയാണ് ബിജെപിയിൽ നിന്നും രാജിവെച്ചത്. ഷികോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മുകേഷ് വര്‍മ. ധരം സിംഗ് സൈനിയും മുകേഷ് വര്‍മയും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോർട്ട്. നേരത്തെ തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് ബിജെപിയില്‍ നിന്നും ആദ്യം രാജിവച്ചത്. ഇതിന് പിന്നാലെ വനം – പരിസ്ഥിതി മന്ത്രി ദാരാസിംഗ് ചൗഹാനും തുടര്‍ന്ന് എംഎല്‍എമാരും രാജിവെക്കുകയായിരുന്നു.
മൂന്ന് മന്ത്രിമാരടക്കമുള്ള ഒമ്പത് ജനപ്രതിനിധികളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള അതൃപ്തി പരസ്യമാക്കി പാര്‍ട്ടി വിട്ടത്. ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ രാജിയെ പിന്തുണച്ചാണ് ബിജെപിയില്‍ നിന്നുള്ള എംഎല്‍എമാർ തുടരെത്തുടരെ രാജി വെക്കുന്നത്. ഒബിസി വിഭാഗങ്ങളെ യോഗി സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാരുടെ രാജി. സ്വാമി പ്രസാദ് മൗര്യയുടെ പാത പിന്തുടര്‍ന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപി വിടുമെന്ന് സൂചന നല്‍കിയാണ് മുകേഷ് വര്‍മ രാജിവെച്ചത്.