പാലക്കാട് ഉമ്മിണിയിൽ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുഞ്ഞിനെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാൻ വനംവകുപ്പ് തീരുമാനം. പുലിക്കുഞ്ഞിനെ നിരന്തരം കൂട്ടില്‍ വെക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നതിനാലാണിത്. ഉമ്മിണിയിലെ വീട്ടില്‍ വച്ച പുലിക്കൂട്ടില്‍നിന്ന് ഒരു കുഞ്ഞിനെ കൊണ്ടുപോയ അമ്മപ്പുലി വീണ്ടുമെത്തുന്നമെന്ന പ്രതീക്ഷയിലാണ് രണ്ടാമത്തെ കുഞ്ഞിനെയും കൂട്ടില്‍ വച്ച് കാത്തിരുന്നത്. ഇന്നലെ രാവിലെ ആറുവരെ അമ്മപ്പുലി എത്താത്തതിനെതുടര്‍ന്ന് കുഞ്ഞിനെ ഡിഎഫ്ഒയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
ചൊവ്വാഴ്ച അമ്മപ്പുലി എത്തിയില്ലെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. നീരിക്ഷണ ക്യാമറകള്‍ കഴിഞ്ഞദിവസം അധികൃതർ പരിശോധിച്ചിരുന്നു. ഒരു കുഞ്ഞുമായി പോയ പുലി ധോണി ഭാഗത്തുള്ള പാറക്കെട്ടുകള്ക്കിടയിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ പാറക്കെട്ടിനു അടുത്ത് കൊണ്ടുവിടാനും തീരുമാനിച്ചിരുന്നു.
എന്നാൽ, മറ്റു മൃഗങ്ങള്‍ ആക്രമിക്കുമോ എന്ന ആശങ്കയുള്ളതിനാല്‍ പദ്ധതി ഉപേക്ഷിച്ചു. അതിനിടെ, തൃശൂരില്‍ നിന്ന് വനംവകുപ്പിന്റെ മൃഗഡോക്ടര്‍മാരെത്തി കുഞ്ഞിനെ പരിശോധിച്ചു. രണ്ടുവര്‍ഷം കുഞ്ഞിനെ പരിപാലിച്ച ശേഷം വനത്തിലേക്കോ, മൃഗശാലയിലേക്കോ മാറ്റണമെന്ന നിര്‍ദേശവുമുണ്ട്.