നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ തേടി നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ റവന്യു, ക്രൈംബ്രാഞ്ച് സംയുക്ത റെയ്‌ഡ്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിലാണ് പരിശോധന. ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും നിർമാണ കമ്പനിയിലും റെയ്‌ഡ് നടക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിൽ ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ റെയ്ഡ് തുടങ്ങിയത്. കോടതി അനുമതിയോടെയാണ് റെയ്ഡ്.
ഈ കേസിൽ മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് രാവിലെ 11.45 ഓടെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പരിശോധനയ്‌ക്കെത്തിയത്. റെയ്ഡിനായി ക്രൈംബ്രാഞ്ച് എത്തുമ്പോൾ ദിലീപ് വീടും ഗേറ്റും താഴിട്ട് പൂട്ടിയിരുന്നു. ഉദ്യോഗസ്ഥർ മതിൽ ചാടി കടക്കാൻ തുനിയവെ ദിലീപിന്റെ സഹോദരി എത്തിയാണ് ഗേറ്റ് തുറന്നുകൊടുത്തത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ഓഫീസിലും സഹോദരൻ അനൂപിന്റെ ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ദിലീപിന്റെ വീട്ടിൽ വെച്ചാണ് അന്വേഷകസംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നതെന്നാണ് പുറത്തുവന്നിട്ടുള്ളത്.
തൻ്റെ ചുമലിൽ കൈവച്ച പൊലീസുകാരനെ വധിക്കുമെന്നും മറ്റുള്ള ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോറി കയറ്റുമെന്നും ദിലീപ് പറഞ്ഞതായി സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ദിലീപിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്‌പി യുടെ നേതൃത്വത്തിലാണ് പരിശോധന.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ വെളിപ്പെടുത്തിയിരുന്നു.