ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാദം തള്ളി നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ യുവനടി. താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതെന്നുമാണ് നടിയുടെ മൊഴിയെന്ന് പൊലീസ് പറയുന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് യുവനടി മൊഴി നൽകിയത്. എന്നാൽ പൊലീസ് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിൽ ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം.
കേസിൽ സാക്ഷിയായിരുന്ന നടിയുടെ ആത്മഹത്യശ്രമത്തിന് ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമയി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതായി റിപ്പോർട്ട് വന്നിരുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യശ്രമത്തിന് കാരണമെന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. നടിയെ ആക്രമിച്ച കേസിൽ സിനിമ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം അന്വേഷിക്കാൻ പൊലീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേർന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക ശ്രോതസ് പൊലീസ് അന്വേഷിക്കും. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചായിരുന്നു സിനിമ താരങ്ങളിൽ നിന്ന് പൊലീസ് ശേഖരിച്ച മൊഴി. എന്നാൽ കോടതിയിൽ എത്തിയപ്പോൾ ഇവർ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സൽ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തർക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ് ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായാപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു. മുതിർന്ന അഭിഭാഷകന് കൊവിഡ് ആയതിനാൽ ഹാജരാവാത്തതാണ് കാരണം. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.