‘മംഗളക്ക്’ തിമിരം, വിദഗ്ദ്ധ ചികിത്സക്ക് ഡോക്ടര്‍മാരുടെ സംഘം, മരുന്ന് അമേരിക്കയിൽനിന്ന്

0
35

അമ്മയുപേക്ഷിച്ചതിനെതുടന്ന് വനപാലകര്‍ എടുത്ത് വളര്‍ത്തിയ ‘മംഗള’ എന്ന കടുവക്കുഞ്ഞിന് വിദഗ്ദ്ധ ചികിത്സ നടത്താന്‍ ഡോക്ടര്‍മാരുടെ സംഘം. തിമിര ചികിത്സക്ക് അമേരിക്കയില്‍നിന്ന് തുള്ളിമരുന്നെത്തിക്കും. രാജ്യത്ത് ആദ്യമായാണ് കടുവക്ക് ഈ മരുന്ന് ഉപയോഗിക്കുന്നത്. 2019 നവംബറിലാണ് പെരിയാര്‍ കടുവ സങ്കേതത്തിലെ മംഗളാദേയിലുള്ള വനംവകുപ്പ് സ്റ്റേഷനിലേക്ക് രണ്ടുമാസം മാത്രം പ്രായമുണ്ടായിരുന്ന കടുവക്കുഞ്ഞ് ഇഴഞ്ഞെത്തിയത്. വനപാലകര്‍ എടുത്ത് മംഗള എന്ന് പേരിട്ട് വളര്‍ത്തിയ കടുവക്കുട്ടിക്ക് ഇപ്പോള്‍ 15 മാസം പ്രായമായി.
വനത്തിലേക്ക് തിരിച്ച്‌ വിടുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തിമിരം ബാധിച്ചതിനാല്‍ കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയത്. ദേശീയ കടുവ സംരക്ഷണ അതോറിട്ടിയുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ പരിശോധന നടത്താന്‍ വനം വകുപ്പ് ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആറംഗ സംഘത്തെ നിയോഗിച്ചു. വിശദമായ പരിശോധനക്ക് ശേഷമാണ് അമേരിക്കയില്‍ നിന്നും ലാനോസ്റ്റെറോള്‍ എന്ന മരുന്നെത്തിക്കാൻ തീരുമാനിച്ചത്. രോഗം പൂർണമായും ഭേദമായാല്‍ മാത്രമേ വനത്തിലേക്ക് തിരിച്ചയക്കു. കടുവക്കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.