കെ ആർ 530 കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകൾ വിപണിയിലെത്തിയ വിഷയത്തിൽ ടിക്കറ്റ് അച്ചടി നിർവഹിച്ച കെ ബി പി എസിനോട് വിശദീകരണം തേടുമെന്ന് വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു. അച്ചടിയിൽ വന്ന പിഴവുകാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത്യപൂർവമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെങ്കിലും ഇത് ഗൗരവമായി കാണും. തികച്ചും വിശ്വസ്തവും സുതാര്യവുമായാണ് അച്ചടി മുതലുള്ള എല്ലാ പ്രവർത്തനങ്ങളും വകുപ്പ് നിർവഹിക്കുന്നത്. അച്ചടിപ്പിഴവ് മൂലം ഒരേ നമ്പറിൽ ഒന്നിലധികം ടിക്കറ്റുകൾ വിപണിയിലെത്തുകയും ഈ നമ്പറിന് സമ്മാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ സമ്മാനാർഹർക്ക് വകുപ്പ് സമ്മാനത്തുക നൽകും. അച്ചടി സ്ഥാപനത്തിൽ നിന്ന് ഈ തുക ഈടാക്കാൻ ഇത് സംബന്ധിച്ച കരാറിൽ വ്യവസ്ഥയുണ്ടെന്നും ലോട്ടറി ഡയറക്ടർ വ്യക്തമാക്കി.