ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

0
52

ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് വഴികാട്ടിയത് ഇവരാണ്. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത് വന്നു. കൊലപാതകത്തിന്റെ ആസൂത്രണം ചേര്‍ത്തലയില്‍ വച്ചായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസം മുമ്പ് ആസൂത്രണത്തിന് രഹസ്യ യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ കൊലപാതകത്തിനായി 7 പേരെ നിയോഗിച്ചു. ഡിസംബര്‍ 15 ന് വീണ്ടും യോഗം ചേര്‍ന്നു.

ചേര്‍ത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരമാണ് ഷാന്റെ കൊലപാതകമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസൂത്രണം ചില നേതാക്കള്‍ക്ക് അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാന്റെ കൊലയ്ക്ക് ശേഷം എത്തിയ സംഘാംഗങ്ങള്‍ രണ്ട് ടീമായി രക്ഷപ്പെട്ടു. പ്രതികള്‍ക്ക് രക്ഷപെടാനും നേതാക്കളുടെ സഹായം കിട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.