കുട്ടികളുടെ കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനായി സംസ്ഥാനം സജ്ജം ; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0
40

15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായി വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ജനനത്തീയതി അനുസരിച്ച് 18 വയസ് തുടങ്ങുന്നത് മുതല്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ച് 15, 16, 17 വയസുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ മതിയാകും. ഈ ഏജ് ഗ്രൂപ്പില്‍ 15 ലക്ഷത്തോളം കുട്ടികളാണുള്ളത്. കുട്ടികളായതിനാല്‍ അവരുടെ ആരോഗ്യനില കൂടി ഉറപ്പ് വരുത്തും. ഒമിക്രോണ്‍ പശ്ചത്തലത്തില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, 59.29 ലക്ഷം 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരാണുള്ളത്. ഈ വിഭാഗങ്ങളിലെ നൂറ് ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സിനും 90 ശതമാനത്തിലധികം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ ഡോസ് അനിവാര്യമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം പറയുന്ന ഗ്രൂപ്പുകള്‍ക്ക് മുന്‍കരുതല്‍ ഡോസ് നല്‍കാനും സംസ്ഥാനം സജ്ജമാണ്.