മീഡ് തടാകം അതിവേഗത്തില്‍ വറ്റിക്കൊണ്ടിരിക്കുന്നു ; അമേരിക്കയിൽ വന്‍തോതില്‍ കുടിവെള്ള പ്രതിസന്ധി

0
37

അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നായ മീഡ് തടാകം അതിവേഗത്തില്‍ വറ്റിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. ലാസ് വേഗാസിന്റെ കിഴക്കായി നെവാഡ-അരിസോണ അതിര്‍ത്തിയിലാണ് ഈ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ജൂണില്‍ ഇതുവരെ റെക്കോഡ് ചെയ്തതില്‍ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് സംഭരണിയില്‍ രേഖപ്പെടുത്തിയത്. ജലസംഭരണിയിലെ ജലനിരപ്പ് കുറയുന്നത് വന്‍തോതില്‍ കുടിവെള്ള പ്രതിസന്ധിക്കും കാരണമാകുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ജലക്ഷാമം രൂക്ഷമായി തീരുമെന്നാണ് വിദ്ഗധരുടെ നിഗമനം.

ജലസംഭരണിയിലെ ജലനിരപ്പ് കുറയുന്നത് വന്‍തോതില്‍ കുടിവെള്ള പ്രതിസന്ധിക്കും കാരണമാകുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ജലക്ഷാമം രൂക്ഷമായി തീരുമെന്നാണ് വിദ്ഗധരുടെ നിഗമനം. ജലസംഭരണിയില്‍ നിന്ന് ഉപയോഗിക്കാവുന്നതിനെക്കാള്‍ ഏറെ അളവില്‍ വെള്ളം ഉപയോഗിക്കുന്നതും ജലസ്രോതസ്സ് വറ്റി തീരാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി.

യു.എസ് ബ്യൂറോ ഓഫ് റിക്ലമേഷന്‍ കണക്കുകള്‍ പ്രകാരം 1930 ന് ശേഷം സംഭരണിയില്‍ ജലനിരപ്പ് ഇത്രയേറെ താഴുന്നത് ഇതാദ്യമാണ്. ഏകദേശം രണ്ടരക്കോടിയോളം ജനങ്ങളാണ് മീഡ് തടാകത്തെ ആശ്രയിച്ച് കഴിയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ചൂടും വരള്‍ച്ചയും ജലസംഭരണിയുടെ നിലനില്‍പ്പിനെതന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്. ജലക്ഷാമം ഏറ്റവും കൂടുതല്‍ ബാധിക്കുക കര്‍ഷകരെയാണ്. കാര്‍ഷിക വിളകളെ ആശ്രയിച്ചു കഴിയുന്ന വലിയൊരു ജനതയാകും വരള്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുക. 1983 ലാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന് ജലനിരപ്പ് ജലസംഭരണിയിലുണ്ടായത്. അന്ന് സമുദ്രനിരപ്പിന് മുകളില്‍ 1,225 അടിയാണ് ജലസംഭരണി രേഖപ്പെടുത്തിയത്.

ഇനിയൊരിക്കലും ജലസംഭരണി നിറയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ സംഭരണിയുടെ ശേഷിയുടെ 36 ശതമാനമാണ് ജലമുളളത്. 2022 ഓടെ നിലവിലുള്ള ജലനിരപ്പില്‍ 20 അടി കൂടി ഇടിവുണ്ടാകുമെന്നാണ് നിഗമനം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അമിതമായ ചൂട് ജലം നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായി.

മീഡ് തടാകം വറ്റിക്കൊണ്ടിരിക്കുന്നത് വൈദ്യുതി ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്. ഏകദേശം 2,000 മെഗാവാട്ട് ജലവൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുളള ഹൂവര്‍ ഡാം നിലവില്‍ 1500 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. നെവാഡ, അരിസോണ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ ഏകദേശം 80 ലക്ഷത്തോളം അമേരിക്കന്‍ പൗരന്മാരാണ് ഇതിന്റെ ഉപഭോക്താക്കള്‍.

തടാകത്തില്‍ ജലനിരപ്പ് 175 അടി കൂടി താഴുകയാണെങ്കില്‍ വെള്ളം ഹൂവര്‍ ഡാമിലേക്ക് എത്തില്ല. ഇത് കാലിഫോര്‍ണിയ, അരിസോണ, നെവാഡ തുടങ്ങിയിടങ്ങളില്‍ വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കും.