തിക്കോടി പഞ്ചായത്തിന് മുന്നില്‍ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിനുപിന്നാലെ ഒരു വിഭാഗം സമൂഹ അംധ്യമങ്ങളിൽ നടത്തുന്ന ദുഷ്പ്രചാരണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി കൃഷ്ണപ്രിയയുടെ കുടുംബം. നേരത്തെ നന്ദു വീട്ടില്‍ വന്ന ദിവസം പ്രശ്‌നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങളുടെ ഓഡിയോ റെക്കോഡ് ആണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് കൃഷ്ണപ്രിയയുടെ അച്ഛന്‍ മനോജ് പറയുന്നു.
നിര്‍മാണത്തൊഴിലാളിയായിരുന്ന നന്ദകുമാറിന് കൃഷ്ണപ്രിയയോടുള്ള താത്പര്യവും തുടര്‍ന്നുള്ള അഭിപ്രായ വ്യത്യാസവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഡിസംബര്‍ 17ന് രാവിലെ പത്തുമണിയോടെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്ബിലെത്തിയ കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന ഭാവത്തില്‍ നന്ദകുമാര്‍ തടഞ്ഞുനിര്‍ത്തി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവര്‍ക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ കൃഷ്ണപ്രിയയും പിറ്റേദിവസം പുലര്‍ച്ചെ നന്ദകുമാറും മരണത്തിന് കീഴടങ്ങി.