പാകിസ്ഥാനിൽ ശനിയാഴ്ച വൈകിട്ടുണ്ടായ ഗ്യാസ് ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടു. നിരവധിയാളുകൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 13 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുറമുഖ നഗരമായ കറാച്ചിക്ക് സമീപം ഷെര്‍ഷ മേഖലയിലാണ് സംഭവം. പ്രദേശത്തെ ഒരു ബാങ്ക് കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിനടുത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകൾക്കും കേടുപാടുകൾ ഉണ്ടായി. ബോംബ് സ്‌ക്വാഡ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഗ്യാസ് സിലിണ്ടറുകളിൽ നിന്നുള്ള ചോർച്ചയാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഭീകരാക്രമണ സാധ്യതയും അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ രക്ഷാപ്രവർത്തനം ഊര്‍ജ്ജിതമാക്കി.