കേരള ബാങ്കിലെ അവകാശികളില്ലാത്ത അരക്കോടിയോളം രൂപയുടെ നിക്ഷേപങ്ങള്‍ മകളുടെ അക്കൗണ്ടിലേക്കു മാറ്റിയ കേരള ബാങ്ക് ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. കേരള ബാങ്ക് കോഴിക്കോട് മെയിൻ ബ്രാഞ്ചിലെ സീനിയര്‍ അക്കൗണ്ടന്റ് ആയിരുന്ന പി ടി ഉഷാദേവിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റ് ആയിരുന്ന പി ടി ഉഷാദേവിയാണു ഇടപാടുകാരുടെ പണം മകളുടെ അക്കൗണ്ടിലേക്കു മാറ്റി തട്ടിയെടുത്തത്. ക്ലെയിം ചെയ്യപ്പെടാതെ കിടന്നിരുന്ന സ്ഥിര നിക്ഷേപങ്ങളും ദീര്‍ഘകാലമായി ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകളിലെ പണവുമാണു മാറ്റിയതെന്നാണു കണ്ടെത്തല്‍. ഇവർ മുമ്പ് ജോലി ചെയ്തിരുന്ന ബ്രാഞ്ചുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ തുക തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തും.
സഹകരണ ബാങ്കുകള്‍ക്ക് നിക്ഷേപങ്ങളില്‍ നല്‍കേണ്ടിയിരുന്ന പലിശ ഇനത്തില്‍ 2.50 ലക്ഷം രൂപയും രണ്ടു തവണയായി മകളുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തി. ഇതേ ബാങ്കിലെ തന്നെ മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിലേക്കും 1.25 ലക്ഷം രൂപ മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക ഇവര്‍ തട്ടിയെടുത്തെന്നാണു വിവരം. ബാങ്കിന്റെ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തുവന്നത്.
സഹപ്രവര്‍ത്തകരുടെ കംപ്യൂട്ടര്‍ ലോഗിനും പാസ്‍വേര്‍ഡും ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പു നടത്തിയതെന്നാണു സംശയം. തുക പാസാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സീറ്റില്‍ ഇല്ലാത്ത സമയം ഉഷാദേവി ഇവരുടെ കംപ്യൂട്ടറില്‍ നിന്നു തുക പാസാക്കി എടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.