ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിച്ചതോടെ കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. ടിപിആർ ഉയർന്ന ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
ടിപിആർ കൂടിയ ജില്ലകളിൽ രാത്രികാല കർഫ്യൂ, ആൾക്കൂട്ട നിയന്ത്രണം, തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രത്തിൻറെ നിർദേശം. ടിപിആർ ഉയർന്ന 27 ജില്ലകളിൽ കേരളത്തിലെ ഒമ്പത് ജില്ലകളുമുണ്ട്.
കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം , എറണാകുളം, കണ്ണൂർ, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയിൽ ഉള്ളത്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തത് അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം ഓർമ്മിപ്പിച്ചു.
അതേസമയം രാജ്യത്ത് ഒമിക്രോൺ കേസുകൾ 33 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിൽ ആണ്. 17 പേരിൽ ഒമിക്രോൺ കണ്ടെത്തിയതോടെ മഹാരാഷ്ട്രയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ.
മഹാരാഷ്ട്ര കൂടാതെ രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയത്.