ഇടുക്കി അണക്കെട്ടിൽ തുറന്ന ഷട്ടർ അടച്ചു : മുല്ലപ്പെരിയാർ കേസിൽ കേരളം സുപ്രീം കോടതിയിൽ അപേക്ഷ നൽകി 

0
65
ഇടുക്കി: ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ തുറന്ന ഷട്ടർ അടച്ചു. 40 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയ മൂന്നാം നമ്പര്‍ ഷട്ടറാണ് അടച്ചത്. നാല് മാസത്തിനിടെ മൂന്ന് തവണയാണ് ഇടുക്കി അണക്കെട്ട് തുറന്നത്.
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് രാത്രികാലങ്ങളിൽ വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെ അണക്കെട്ടിൽ നിന്ന് രാത്രി വെള്ളം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേരളം പുതിയ അപേക്ഷ ഫയൽ ചെയ്തു. വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപെടുന്ന പുതിയ സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
 വീടുകളിൽ വെള്ളം കയറി ഉണ്ടായ ദുരിതക്കാഴ്ചകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സുപ്രീംകോടതിയിൽ നൽകുന്ന അപേക്ഷയോടൊപ്പം ഉൾപ്പെടുത്താനാണ് തീരുമാനം.
 ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിട്ടും സ്ഥിതി വിലയിരുത്താൻ മേൽനോട്ട സമിതി തയ്യാറായില്ല. കേരളത്തിന്‍റെ ആശങ്ക തമിഴ്നാടും വകവെക്കുന്നില്ല. ഈ സാഹചര്യത്തിൽ ജലനിരപ്പ് കുറച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. അടിയന്തര ഇടപെടൽ വേണ്ട വിഷയമാണ് ഇതെന്നും സുപ്രീംകോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നും കേരളം ആരോപിച്ചു.