Wednesday
17 December 2025
26.8 C
Kerala
HomeIndiaമഹാരാഷ്ട്രയിലും ഒമിക്രോണ്‍; രാജ്യത്തെ നാലാമത്തെ കേസ്

മഹാരാഷ്ട്രയിലും ഒമിക്രോണ്‍; രാജ്യത്തെ നാലാമത്തെ കേസ്

മുംബൈ: കർണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കോവിഡിന്റെ ഒമിക്രോൺ വകഭേദം (ബി 1.1.529)സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാൺ ഡോംബിവാലി മുൻസിപ്പൽ പ്രദേശത്ത് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.

33 വയസ്സുകാരനായ ഇയാൾ നവംബർ 23നാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ് വഴി ഡൽഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ നിന്നുതന്നെ കോവിഡ് പരിശോധനയ്ക്കായി സാംപിൾ നൽകിയിരുന്നു. തുടർന്ന് മുംബൈയിലേക്ക് വിമാനത്തിൽ യാത്ര ചെയ്തു. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്നവരെ കണ്ടെത്തി പരിശോധന നടത്താനുള്ള ശ്രമം തുടരുകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. അർച്ചന പാട്ടീൽ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു.

രാജ്യത്ത് ശനിയാഴ്ച ഒമിക്രോൺ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ആളാണ് ഇത്. ഗുജറാത്തിലെ ജാംനഗറിൽ സിംബാബ്വേയിൽ നിന്ന് വന്നയാൾക്കാണ് ശനിയാഴ്ച ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ചത്. 50-കാരനായ ഇയാൾ രണ്ട് ദിവസം മുമ്പാണ് ജാംനഗറിൽ എത്തിയത്.

നേരത്തെ, കർണാടകത്തിൽ രണ്ട് പുരുഷന്മാരിലാണ് രാജ്യത്താദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. 66-ഉം 46-ഉം പ്രായക്കാരായവർക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. വൈറസ് വകഭേദം കണ്ടെത്തിയ നാല്പത്തിയാറുകാരൻ ബെംഗളൂരു സ്വദേശിയായ ഡോക്ടറാണ്. രണ്ടു ഡോസ് വാക്സിനും എടുത്ത ഇദ്ദേഹം നവംബർ 21-നാണ് പനിയെത്തുടർന്ന് പരിശോധനയ്ക്കെത്തിയത്. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സാംപിൾ ജനിതക പരിശോധനക്ക് അയക്കുകയായിരുന്നു.

ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടാമത്തെയാൾ ദക്ഷിണാഫ്രിക്കൻ പൗരനാണ്. അറുപത്തിയാറുകാരനായ ഇദ്ദേഹം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇന്ത്യയിലെത്തിയത്. രോഗലക്ഷണങ്ങളില്ലായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഏകാന്തവാസത്തിന് നിർദേശിച്ചു. ഒരാഴ്ചയ്ക്കുശേഷം സ്വകാര്യലാബിൽനിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തിയ ഇദ്ദേഹം ദുബായിലേക്ക് പോയതായും അധികൃതർ അറിയിച്ചിരുന്നു

RELATED ARTICLES

Most Popular

Recent Comments