എംഫിൽ, പിഎച്ച്ഡി തീസിസുകളുടെ സബ്‌മിഷൻ തീയതി ആറ് മാസം കൂടി നീട്ടി

0
51

അവസാന വർഷ എംഫിൽ, പിഎച്ച്ഡി തീസിസുകളുടെ സബ്‌മിഷൻ തീയതി ആറ് മാസം കൂടി നീട്ടി യുജിസി ഉത്തരവിറങ്ങി. കോവിഡ് മഹാമാരിയും ലോക്‌ഡൗണും സൃഷ്‌ടിച്ച പ്രതിസന്ധികളിൽ വലഞ്ഞ ഗവേഷകരെ സഹായിക്കാനായി ഗവേഷണ പ്രബന്ധങ്ങളുടെ സബ്‌മിഷൻ കാലാവധി നീട്ടി നൽകണമെന്ന് ഡോ. വി ശിവദാസൻ എം.പി കഴിഞ്ഞ ദിവസം യുജിസി ചെയർമാനോട് ആവശ്യപ്പെട്ടിരുന്നു.

സമാനതകളില്ലാത്ത പ്രയാസങ്ങളാണ് കോവിഡ് കാലത്ത് ഗവേഷക വിദ്യാർഥികൾ നേരിട്ടത്. വലിയ വിഭാഗത്തിന് വിവര ശേഖരണം മുന്നോട്ടു കൊണ്ടുപോകാനായില്ല. യൂണിവേഴ്‌സിറ്റികൾ അടഞ്ഞുതന്നെ കിടന്നതിനാൽ ലൈബ്രറികളോ ലാബോ ഉപയോഗിക്കാനായില്ല. ഹോസ്റ്റലുകളിലേക്ക് തിരിച്ചെത്താനാകാഞ്ഞതോടെ അതുവരെ നടന്ന ഗവേഷണ പ്രവർത്തനങ്ങൾ തുടരുന്നത് തടസ്സപ്പെട്ടു. ഇതിൽ ഏറ്റവും വലിയ പ്രയാസം അനുഭവിച്ചത് പിന്നോക്ക – ദരിദ്ര വിഭാഗം വിദ്യാർഥികളും വനിതകളായ ഗവേഷകരുമാണെന്ന് കാണാം. ഇങ്ങനെ നിരവധിയായ പ്രതിസന്ധികൾക്കിടയിലൂടെ കടന്നു പോയ ഗവേഷകർക്ക് തീസിസ് സബ്‌മിറ്റ് ചെയ്യാനുള്ള കാലാവധി നീട്ടി ലഭിച്ചത് ആശ്വാസമാണ് ഡോ. വി ശിവദാസൻ പറഞ്ഞു.

മഹാമാരികാലത്തെ മറികടന്ന് സർവകലാശാലകളും സമൂഹവും അവരുടെ ഗവേഷണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ഉതകും വിധം സമീപ ഭാവിയിൽ തന്നെ മാറുമെന്ന് പ്രതീക്ഷിക്കാം. നിരവധി ഗവേഷകരാണ് കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടത്. അവരോരോരുത്തർക്കും ആശംസകൾ. ആവശ്യത്തെ അനുഭാവപൂർവം പരിഗണിച്ച യുജിസി ചെയർമാന് നന്ദി – ശിവദാസൻ പറഞ്ഞു.