ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് സാധിച്ചു; മുഖ്യമന്ത്രി

0
111

അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച്‌ ആവേശപൂര്‍വ്വം കഠിന പരിശ്രമം നടത്തിയതിനാല്‍ ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിദ്യാലയങ്ങള്‍ അടച്ചിടുകയും അധ്യയനം മുടങ്ങുകയും ചെയ്യുന്ന സാഹചര്യം കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രധാന പ്രതിസന്ധികളില്‍ ഒന്നായിരുന്നുവെന്നും എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് കേരളം ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

വിദ്യാലയങ്ങള്‍ അടച്ചിടുകയും അധ്യയനം മുടങ്ങുകയും ചെയ്യുന്ന സാഹചര്യം കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രധാന പ്രതിസന്ധികളില്‍ ഒന്നായിരുന്നു. എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് കേരളം ചെയ്തത്. അതിന്‍്റെ ഫലമായി ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് സാധിച്ചു.

അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച്‌ ആവേശപൂര്‍വ്വം ആ ലക്ഷ്യത്തിനായി കഠിന പരിശ്രമം ചെയ്തു. ആ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടു വീഴ്ചയില്ലാത്ത നേതൃത്വം നല്‍കാനും നൂതനമായ പദ്ധതികളിലൂടെ വെല്ലുവിളികള്‍ മറികടക്കാനും സര്‍ക്കാരിനു സാധിച്ചു. ഡിജിറ്റല്‍ ഡിവൈഡ് എന്ന പ്രധാന പ്രശ്നത്തെ മറികടക്കുന്നതിനായി വിദ്യാകിരണം പദ്ധതിയ്ക്ക് ജനകീയമായി തുടക്കം കുറിക്കാനായി. എല്ലാ ഘട്ടങ്ങളിലും പൂര്‍ണ പിന്തുണയുമായി പൊതുജനങ്ങളും സര്‍ക്കാരിനൊപ്പം നിലയുറപ്പിച്ചു.

ആ ഇച്ഛാശക്തിയുടേയും ഐക്യത്തിന്‍്റേയും ഫലമായി രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറി. Annual Status of Education Report (ASER) 2021 ആ നേട്ടത്തിനു അടിവരയിടുകയാണ്. ഈ സര്‍വേ പ്രകാരം കൊവിഡ് കാലത്ത് കേരളത്തില്‍ 91 ശതമാനം കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്ത് ആകെ 24.2 ശതമാനം കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ മാര്‍ഗം പഠനം സാധ്യമായത്. മിക്ക സംസ്ഥാനങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് കേരളം.

എങ്കിലും ഇനിയും ഇക്കാര്യത്തില്‍ നമ്മള്‍ മുന്നേറേണ്ടതുണ്ട്. ഡിജിറ്റല്‍ ഡിവൈഡ് പരിപൂര്‍ണ്ണമായി പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ഊര്‍ജ്ജസ്വലതയോടെ നടപ്പാക്കി വരികയാണ്. അധികം വൈകാതെ 100 ശതമാനം കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാകുന്ന കാലം യാഥാര്‍ത്ഥ്യമാക്കണം. ആ ലക്ഷ്യത്തിനായി ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് ഒരുമിച്ച്‌ നില്‍ക്കാം.