പാക്,അഫ്ഗാന്‍ കപ്പലുകള്‍ക്ക് വിലക്ക്: അദാനി പോര്‍ട്‌സിനെതിരേ കസ്റ്റംസ്‌

0
50

മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അദാനി പോര്‍ട്ടിന്റെ നടപടിക്കെതിരെ കസ്റ്റംസ് വകുപ്പ് രംഗത്ത്.

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ കപ്പലുകള്‍ക്കാണ് അദാനി പോര്‍ട്ടില്‍ വിലക്കേര്‍പ്പെടുത്തിയത്. അദാനി പോര്‍ട്‌സിന് കീഴിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് ഹെറോയിന്‍ പിടികൂടിയതിനെ തുടര്‍ന്നാണ് തുറമുഖ അതോറിറ്റി തീരുമാനപ്രകാരം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

തുറമുഖ അതോറിറ്റിയുടെ ഈ തീരുമാനത്തിനെതിരെ കസ്റ്റംസ് നോട്ടിസ് അയച്ചിരിക്കുകയാണ്.ഈയിടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് കടത്തികൊണ്ടുവന്ന 20000 കോടി രൂപയുടെ ഹെറോയിന്‍ മുന്ദ്ര പോര്‍ട്ടില്‍ വെച്ച്‌ പിടികൂടിയിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് ഒക്ടോബര്‍ 11 ന് ഇറാനില്‍ നിന്നും പാക്കിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ചരക്കുകള്‍ക്ക് അദാനി പോര്‍ട്‌സ് വിലക്കേര്‍പ്പെടുത്തിയത്. ഈ നടപടിക്കെതിരെയാണ് കേന്ദ്രസര്‍ക്കാരിന്റെ തന്നെ കീഴിലെ കസ്റ്റംസ് വിഭാഗം വിശദീകരണം തേടിയിരിക്കുന്നത്. തുറമുഖങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് ഇത്തരം തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് കസ്റ്റംസിന്റെ വാദം. ഹെറോയിന്‍ പിടികൂടിയ സമയത്ത് അദാനി പോര്‍ട്‌സ് അധികൃതര്‍ നിശേധാത്മക സമീപനമാണ് സ്വീകരിച്ചിരുന്നത്.

തുറമുഖ അധികൃതര്‍ക്ക് കണ്ടെയ്‌നറുകള്‍ പരിശോധിക്കാന്‍ അവകാശമോ അധികാരമോ ഇല്ലെന്നായിരുന്നു അന്ന് കമ്ബനി വാദിച്ചിരുന്നത്. എന്നാല്‍ പിന്നാലെ തങ്ങളുടെ അധികാര പരിധി മറികടന്ന് വിദേശത്ത് നിന്നുള്ള ചരക്കു കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കപ്പലുകളെ വിലക്കിയത് നിയമവിരുദ്ധമാണെന്നു കാണിച്ച്‌ പത്ത് ദിവസം മുന്‍പ് കസ്റ്റംസ് വകുപ്പ് കത്തയച്ചിരുന്നെങ്കിലും അദാനി പോര്‍ട്‌സ് പ്രതികരിച്ചിരുന്നില്ല.