മുല്ലപ്പെരിയാര്‍ അണക്കെട്ട് വീണ്ടും തുറന്നു; സെക്കൻഡിൽ 772 ഘനയടി വെള്ളം പുറത്തേക്ക്; പെരിയാര്‍ തീരത്ത് ജാഗ്രത

0
64

കുമളി: നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തിയ സാഹചര്യത്തിലാണ് ഡാം വീണ്ടും തുറന്നത്. ഡാമിലെ മൂന്ന്, നാല് ഷട്ടറുകളാണ് രാവിലെ എട്ടുമണിയ്ക്ക് തുറന്നത്. രണ്ടു ഷട്ടറുകള്‍ തുറന്ന് 772 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിട്ടുള്ളത്.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടരുന്ന കനത്ത മഴയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരാന്‍ കാരണം. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് കെഎസ്ഇബി അറിയിച്ചു.

ഇടുക്കിയും തുറക്കുന്നു; സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം ഒഴുക്കിവിടും

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി അണക്കെട്ടും തുറക്കും. രാവിലെ 10 ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.