റേഷന്‍ കടകളില്‍ ഇനി എ.ടി.എമ്മുകൾ വരുന്നു; ഓൺലൈൻ സേവനങ്ങൾ നൽകാൻ ഇ-സേവന കേന്ദ്രങ്ങളും

0
33

വാണിജ്യബാങ്കുകളുടെ സഹകരണത്തോടെ റേഷൻകടകളിൽ എ.ടി.എമ്മുകൾ തുറക്കുന്നു. ഇതോടൊപ്പം ഓൺലൈൻ സേവനങ്ങൾ നൽകാൻ ഇ-സേവന കേന്ദ്രങ്ങളും ആരംഭിക്കും. സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പദ്ധതികൾ ഉദ്ഘാടനംചെയ്യും.

രണ്ടായിരത്തോളം റേഷൻകടകളിലാണ് എ.ടി.എം. സൗകര്യമൊരുക്കുക. പഞ്ചായത്തിൽ ഒന്ന് എന്ന നിലയിലായിരിക്കും ആരംഭം. നഗരസഭാ മേഖലയിൽ രണ്ടിൽ കൂടുതലും ഉണ്ടാകും. ഗ്രാമപ്രദേശങ്ങൾക്കാണ് മുൻഗണന. എ.ടി.എം. ഒരുക്കുന്നതിന്റെ ഭാഗമായി രണ്ട് വാണിജ്യബാങ്കുകളുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ് ചർച്ചനടത്തി.

അടുത്തിടെ എ.ടി.എം. രൂപത്തിലുള്ള സ്മാർട്ട് റേഷൻകാർഡുകൾ വിതരണംചെയ്തിരുന്നു. എ.ടി.എം. ചിപ്പ് ഘടിപ്പിച്ച റേഷൻകാർഡുകൾ വിതരണംചെയ്യുന്നതും പരിഗണനയിലാണ്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും ബാങ്കുകളുമായും ചേർന്ന് ഇതിന്റെ ചർച്ചകൾ നടന്നിരുന്നു. കാർഡിൽ 5000 രൂപവരെ നിക്ഷേപിക്കാനും കാർഡുടമകൾക്ക് എ.ടി.എം. വഴി പണം പിൻവലിക്കാനുമുള്ള അവസരമൊരുക്കുന്നതാണ് പദ്ധതി.

റേഷൻ കടകളോട് ചേർന്ന് അക്ഷയ മാതൃകയിലുള്ള കേന്ദ്രങ്ങളും ആരംഭിക്കും. കശുവണ്ടിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ കൈവിരൽ റേഷൻ കടകളിലെ ഇ-പോസ് യന്ത്രത്തിൽ പതിയുന്നില്ലെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിൽ തിരിച്ചറിയലിന് കണ്ണിന്റെ കൃഷ്ണമണി ഉപയോഗപ്പെടുത്തുന്ന സംവിധാനവും നടപ്പാക്കും.

കടകളിൽ പരാതിപ്പെട്ടി

പരാതികളും നിർദേശങ്ങളും അറിയിക്കാൻ എല്ലാ റേഷൻകടകളിലും പരാതിപ്പെട്ടി സ്ഥാപിക്കും. റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് തെളിമ പദ്ധതിയിലേക്കുള്ള അപേക്ഷകളും പരാതികളും പരാതിപ്പെട്ടിയിലിടാം. ഡിസംബർ 16 മുതൽ 31 വരെ താലൂക്ക് തലത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി ഈ അപേക്ഷകളിൽ തീർപ്പുകല്പിക്കും.

ലക്ഷ്യം സമൂലമാറ്റം

എല്ലാ സൗകര്യവും വേഗത്തിൽ ലഭ്യമാക്കുകയും സമൂലമാറ്റം കൊണ്ടുവരികയുമാണ് ഭക്ഷ്യപൊതുവിതരണവകുപ്പ് ലക്ഷ്യമിടുന്നത്. ജനുവരി ഒന്നോടെ പരാതികൾ പരിഹരിച്ച് മികവുറ്റതാക്കുകയാണ് ലക്ഷ്യം.-ജി.ആർ. അനിൽ, ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി