കനത്തമഴ ശബരിമല തീര്‍ഥാടന ഒരുക്കങ്ങളില്‍ പലതിലും  മാറ്റങ്ങള്‍ വരുത്തി

0
27

ജില്ലയിലാകെ ശനിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന കനത്തമഴ ശബരിമല തീര്‍ഥാടന ഒരുക്കങ്ങളില്‍ പലതിലും  മാറ്റങ്ങള്‍ വരുത്തി. നട തുറക്കുമ്പോള്‍ കൂടുതല്‍ തീര്‍ഥാടകര്‍ പ്രവേശിക്കുന്നത് ഇന്നത്തെ അവസ്ഥയില്‍ പ്രയാസം സൃഷ്ടിക്കുമെന്നും മഴ ശക്തമായതിനാല്‍ നദിയില്‍ കലക്കവെള്ളമാണുള്ളതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുടിവെള്ളത്തിന്റെയും കുളിക്കാനുള്ള വെള്ളത്തിന്റെയും ലഭ്യതയില്‍ കുറവു വരുമെന്നും അതിനാല്‍ അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ളവര്‍  പങ്കെടുത്ത യോഗം തീരുമാനിക്കുകയായിരുന്നു

കക്കി -ആനത്തോട് ഡാമിന്റെ ഷട്ടര്‍ ചെറിയ തോതില്‍ ഉയര്‍ത്തിരിക്കുകയാണ്. പമ്പ ഡാമില്‍ ജലനിരപ്പ് പരമാവധി ശേഷിയോടടുത്തതിനാല്‍ ഏതുനിമിഷവും തുറന്നുവിട്ടേക്കാം. ഈ വെള്ളം ശബരിമല തീര്‍ഥാടകര്‍ നദി കടക്കുന്ന പമ്പ ത്രിവേണിയിലാണ് എത്തിച്ചേരുന്നത്.

മണ്ഡല ഉത്സവത്തിനായി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് പുതിയ ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.

10ന് താഴെയുള്ള കുട്ടികള്‍ക്ക് ദര്‍ശനത്തിനെത്താം

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയല്‍ രേഖയായി ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണം. പത്തുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ദര്‍ശനത്തിനെത്താം.

പമ്പാ സ്‌നാനം അനുവദിക്കില്ല

ജില്ലയിലാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടുത്ത 3-4 ദിവസങ്ങളില്‍ ശബരിമലയില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാ സ്‌നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്നു നിര്‍ദേശമുണ്ട്. നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്‌പോട്ട് ബുക്കിങ് നിര്‍ത്തും.

കെഎസ്ആര്‍ടിസി സര്‍വീസ് ഇന്നുമുതല്‍

പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. 231 കെഎസ്ആര്‍ടിസി ബസുകളാണ് സര്‍വീസ് നടത്തുക.  ഓരോ പത്തുമിനിറ്റിലും നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് ഉണ്ടാകും. 120 ബസുകള്‍ ഇതിനുമാത്രമായി ഉണ്ടാകും.

ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം മുങ്ങി. പുനലൂര്‍- മൂവാറ്റുപുഴ , പന്തളം- പത്തനംതിട്ട റോഡുകളില്‍ ഗതാഗതതടസം നേരിടുകയാണ്. ത്രിവേണിയില്‍ പമ്പ കരകവിഞ്ഞു, അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുകയാണ്. പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.