പന്തളത്ത് അതിഥി തൊഴിലാളിയെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 45കാരനായ ബംഗാള്‍ മാള്‍ഡ ഹരിഷ്ചന്ദ്രപുര്‍ ബോറല്‍ ഗ്രാം സന്‍പൂര ഫനീന്ദ്രദാസ് ആണ് മരിച്ചത്.ഹരീഷിന്റെ മരണവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഹരീഷിന്റെ സുഹൃത്തുക്കളാണ്. ഇന്നലെ പുലര്‍ച്ചെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്താണ് ഹരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ തലയില്‍ പരിക്കേറ്റിട്ടുണ്ട്.ചൊവ്വാഴ്ച രാത്രി ബംഗാളിലെ മാള്‍ഡയിലേക്കുള്ള ട്രെയിനില്‍ മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് മൂന്ന് പേരെ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് പൊലീസ് പിടികൂടിയത്. മരിക്കുന്നതിന് തലേന്ന് ഹരീഷിനൊപ്പം പന്തളത്തെ ബാറിലെത്തിയ അതിഥി തൊഴിലാളിയെയും മറ്റ് പേരെയുമാണ് ചെങ്ങന്നൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്.അതേസമയം ഹരീഷ് വാടകക്ക താമസിക്കുന്ന കടക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ കെട്ടിടത്തില്‍ എത്തിച്ച പൊലീസ് നായ മണം പിടിച്ച് അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന നഗരത്തിലെ മറ്റൊരു വാടകവീട്ടിലാണ് എത്തിയത്. ഇവിടെ നിന്ന് ഇന്നലെ രാവിലെ തന്നെ അഞ്ച് പേരെ പിടികൂടിയിരുന്നു.ഹരീഷിന്റെ മരണത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ഹരീഷിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞിട്ടില്ല. എന്നാല്‍ ഹരീഷ് താമസിക്കുന്നിടത്തുനിന്ന് മണം പിടിച്ച നായ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മറ്റൊരിടത്തെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.