കല്‍പ്പാത്തി രഥോത്സവം കഴിഞ്ഞ തൃശൂര്‍ പൂരം മാതൃകയില്‍ നടത്താന്‍ സാധ്യത

0
52

കല്‍പ്പാത്തി രഥോത്സവം കഴിഞ്ഞ തൃശൂര്‍ പൂരം മാതൃകയില്‍ നടത്താന്‍ സാധ്യത. കല്‍പ്പാത്തി രഥോത്സവം നടത്താന്‍ സ്പെഷ്യല്‍ ഉത്തരവിറക്കിയേക്കും.ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. നിലവില്‍ 200 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. കൂടുതല്‍ ഇളവ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും.കൊവി‍ഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ രഥം വലിക്കാന്‍ കഴിയാത്തതിനാല്‍ പാലക്കാട് ജില്ലാ ഭരണകൂടം കല്‍പ്പാത്തി രഥോത്സവത്തില്‍ രഥ പ്രയാണത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ഉത്സവത്തിലെ പ്രധാന ചടങ്ങിന് അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധവുമായി രഥോത്സവ കമ്മറ്റി രംഗത്തെത്തുകയും ചെയ്തിരുന്നു.രണ്ട് വര്‍ഷത്തിന് ശേഷം രഥപ്രയാണം നടത്തി ഇത്തവണത്തെ ഉത്സവം ഗംഭീരമാക്കാമെന്ന പ്രതീക്ഷയിലാണ് തിങ്കളാഴ്ച്ച രഥോത്സവത്തിന് കൊടിയേറിയത്. എന്നാല്‍ 200 പേരെ വച്ച്‌ രഥ പ്രയാണം നടത്താന്‍ കഴിയാത്തതിനാല്‍ അതൊഴുവാക്കി ചടങ്ങ് മാത്രമായി നടത്തണമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ഉത്സവത്തിന് എത്തുന്ന ജനങ്ങളെ സംഘാടകര്‍ തന്നെ നിയന്ത്രിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇതോടെ ഉത്സവത്തിന് കൊടിയേറിയ ശേഷമുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. 14,15,16 തീയതികളിലാണ് അഗ്രഹാര വീഥികളില്‍ രഥം വലിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ ലഭ്യമായാല്‍ തൃശൂപൂരം മാതൃകയില്‍ രഥോത്സവം നടക്കാനാണ് സാധ്യത.