നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം

0
30

അഞ്ചു ലക്ഷം രൂപവരെ സ്ഥിരമൂലധന നിക്ഷേപമുള്ള നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്നതിനുള്ള വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതിയാണ് ‘നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്കുള്ള പലിശ സഹായ പദ്ധതി’.

അഞ്ചു ലക്ഷം രൂപ വരെ സ്ഥിര നിക്ഷേപമുള്ളതും അഞ്ച് എച്ച്.പിയോ അതില്‍ താഴെയോ വൈദ്യുതി ലോഡ് കണക്ഷന്‍ ഉള്ളതുമായ ഉല്‍പ്പാദന മേഖലയിലുള്ള യൂണിറ്റുകള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സ് യൂണിറ്റുകള്‍ക്ക് ആവശ്യമില്ല. നാനോ സംരംഭങ്ങളുടെ സ്ഥിര മൂലധന വായ്പയില്‍ സംരംഭകര്‍ അടച്ച പലിശയ്ക്ക് 6% മുതല്‍ 8% വരെ താങ്ങ് പലിശയായി 3 വര്‍ഷം തുടര്‍ച്ചയായി തിരികെ ലഭിക്കും.

സര്‍ക്കാരിന്റെ മറ്റു ധനസഹായം നേടിയ യൂണിറ്റുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. പ്ലാന്‍റ് മെഷിനറി, ഓഫീസ് ഉപകരണങ്ങള്‍, വൈദ്യുതീകരണം എന്നിവയ്ക്കായി സംരംഭകര്‍ അംഗീകൃത ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് എടുത്ത വായ്പകളിന്‍മേല്‍ ഈടാക്കുന്ന പലിശയിനത്തില്‍ ജനറല്‍ വിഭാഗത്തിന് ആറു ശതമാനവും വനിത/പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തിന് എട്ടു ശതമാനവുമാണ് പലിശ സബ്‌സിഡി.

പൊതുമേഖലാ ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍, സ്വകാര്യ മേഖലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സിഡ്ബി എന്നീ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് ആദ്യത്തെ മൂന്നു വര്‍ഷം പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇക്കാലയളവില്‍ വായ്പ തിരിച്ചടവില്‍ മുടക്കം വരരുത് എന്ന നിബന്ധനയുണ്ട്. വിശദവിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ ഓഫീസുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടുക.