ഫെയ്സ്ബുക്ക് പേര് മാറ്റി; മാതൃകമ്പനി ഇനി ‘മെറ്റ’

0
63

മാതൃകമ്പനിയുടെ പേരിൽ മാറ്റം വരുത്തി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് അറിയിച്ചു. ഫെയ്സ്ബുക്ക് കണക്ട് ഓഗ് മെന്റഡ് ആൻഡ് വിർച്വൽ റിയാലിറ്റി കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.

ഒരു സോഷ്യൽ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് പേര് മാറ്റം. ഗെയിം, വർക്ക്, കമ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്സ്’ എന്ന ഓൺലൈൻ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും മാർക്ക് സക്കർബർഗ് വെളിപ്പെടുത്തി.

പേര് മാറ്റത്തോടെ ഫെയ്സ്ബുക്ക് ആപ്പ് അതിന്റെ മാതൃകമ്പനിക്ക് കീഴിലാകും. വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഒക്കുലസ് തുടങ്ങിയ അവരുടെ സേവനങ്ങളും ഈ മാതൃകമ്പനിക്ക് കീഴിൽ വരും. ബ്രാൻഡ് നെയിം മാറ്റത്തോടെ സ്മാർട്ട്ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് കടക്കാൻ സക്കർബർഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം.